ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥ വീണ്ടും ശക്തമായി. വെള്ളിയാഴ്ച നടന്ന അക്രമത്തില്‍ 15 വയസുകാരനായ മൊമിന്‍ അല്‍ത്താഫ് കൊല്ലപ്പെട്ടു.ഇതേത്തുടര്‍ന്ന് പ്രതിഷേധം വീണ്ടും കനത്തു. 85പേരാണ് ഇതു വരെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് മോമിനെ പെല്ലറ്റ് ആക്രമണത്തിലെ പരിക്കുകളോടെ കണ്ടെത്തിയത്. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് മോമിന്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ദിവസം ഹര്‍വാന്‍ ടൗണില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ സുരക്ഷാ സേന പെല്ലറ്റുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ സുരക്ഷിതമായ ദൂരത്തുനിന്നാണ് പെല്ലറ്റുകള്‍ ഉപയോഗിച്ചതെന്നും ഇതുമൂലം മരണം സംഭവിക്കില്ലെന്നും സുരക്ഷാസേനയുടെ നിലപാട്.അതേസമയം, മൊമിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരിലെ സംഘര്‍ഷം കൂടുതല്‍ ശക്തമായി.ശ്രീനഗറിലും ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചു.മോമിന്‍ കൂടി കൊല്ലപ്പെട്ടതോടെ ജൂലൈ മുതല്‍ കശ്മീരില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സൈന്യം വധിച്ചതോടെയാണ് കശ്മീരില്‍ പ്രക്ഷോഭം ആരംഭിച്ചത്.