കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അസം സ്വദേശി അമീറുള്‍ ഇസ്ലാം ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇയാള്‍ ലൈംഗിക വൈകൃതത്തിനിടമപ്പെട്ടയാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കടന്ന് ജിഷയെ കീഴ്‌പ്പെടുത്തിയ ശേഷമാണ് അമീറുള്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദലിത് പീഡനം എന്നീ വകുപ്പുകളാണ് അമാറുള്ളിനെതിരെ ചുമത്തിയത്.അമീറുളിനെതിരെ രഹസ്യമൊഴികള്‍ ഉള്‍പ്പെടെ 195 സാക്ഷികളേയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജിഷയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ഉമിനീരില്‍ അമീറുളിന്റെ ഡിഎന്‍എയാണെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിര്‍ഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തിലും മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രതി അമീറുല്‍ ഇസ്‌ലാം എന്ന അസംകാരന്‍ പിടിയിലായത്. കുറുപ്പംപടി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 30പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 23 പേരുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചു. 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകളും 5000 പേരുടെ വിരലടയാളവും പൊലീസ് പരിശോധിച്ചിരുന്നു. പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരെ ശാസ്ത്രീയ തെളിവുകളിലൂന്നിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.