ജിഷ വധക്കേസില്‍ നാളെ കുറ്റപത്രം സമര്‍പിക്കും;ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതുകളടച്ചാണ് കുറ്റപത്രം തയാറാക്കുന്നത്; സൗമ്യ വിധി ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് നാളെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ജിഷ വധക്കേസില്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കുന്നത്.അതീവ ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുക എന്നാണ് സൂചനകള്‍.ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശമെന്നാണ് സൂചന. സംഭവ ദിവസം പ്രതി ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രധാനമായും 7 ശാസ്ത്രീയ തെളിവുകളാണ് പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുക. കൊലപാതക സമയത്ത് ജിഷ ധരിച്ചിരുന്ന ചൂരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് ഏറ്റവും പ്രധാനം. അമീര്‍ ജിഷയെ പുറത്ത് കടിച്ച പാടില്‍ നിന്നാണ് ഈ ഉമിനീര്‍ ശേഖരിച്ചത്. പോസ്്റ്റ്‌മോര്‍ട്ടം സമയത്ത് ശേഖരിച്ച ജിഷയുടെ നഖങ്ങളില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് രണ്ടാമത്തേത്. 3. ജിഷയുടെ ചൂരിദാറില്‍ പുരണ്ട ചോരയില്‍ നിന്ന് ജിഷയുടെയും അമീര്‍ ഉള്‍ ഇസ്ലാമിന്റെയും ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു. 4 ജിഷയുടെ വീടിനു പുറകിലെ വാതിലിന്റെ കോണ്‍ക്രീറ്റ് ഫ്രയിമില്‍ പുരണ്ട ചോരയില്‍ നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചു 5. പൊലീസ് കണ്ടെടുത്ത , കൊലപാതത്തിനുപയോഗിച്ച കത്തിയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു 6.ജിഷയുടെ വീടിനടുത്ത് കണ്ടെത്തിയ ചെരുപ്പില്‍ പുരണ്ട ചോരയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിച്ചു. ഈ ചെരുപ്പ് പ്രതിയുടേതാണ്. 7 ഈ ചെരുപ്പില്‍ നിന്ന് ജിഷയുടെ വീടിനു പുറകിലെ മണല്‍ ശാസ്ത്രീയ പരിശോധനയിലുടെ കണ്ടെടുത്തു. അന്വേഷണത്തിന്റെആദ്യദിവസങ്ങളിലെ അലംഭാവത്തിന് ഏറെ പഴികേട്ടതിനാല്‍ കൃത്യതയുള്ള കുറ്റപത്രം തയാറാക്കാനാണ് ഇത്രയും സമയമെടുത്തതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു.

 

 

© 2024 Live Kerala News. All Rights Reserved.