കെ ബാബു തെളിവ് മുക്കിയതായി വിജിലന്‍സ്; ബാങ്ക് ലോക്കറിലെ രേഖകള്‍ തന്ത്രപൂര്‍വം മാറ്റി; ബാബുവിന്റെയും ഭാര്യയുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല; സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെ ചോദ്യം ചെയ്യും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബു തെളിവ് മുക്കിയതായി വിജിലന്‍സിന്റെ കണ്ടെത്തല്‍.
ലോക്കറിലെ രേഖകളും പണവും ബാബു തന്ത്രപൂര്‍വം മാറ്റിയതായാണ് വിജിലന്‍സിന്റെ സംശയം. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്ബിടി ബാങ്കിലെ ബാബുവിന്റേയും വടക്കേക്കോട്ട എസ്ബിഐ ശാഖയില്‍ ഭാര്യ ഗീതയുടേയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രേഖയും പണവും ബാബു നീക്കിയതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ഈ മാസങ്ങളില്‍ ബാബുവിന്റെ ലോക്കര്‍ തുറന്നിരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ വിജിലന്‍സ് സംഘം ഇന്നലെ നടത്തിയ പരിശോധനയില്‍ ഏകദേശം 120 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തന്റെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് അന്വേഷണസംഘത്തോട് വിശദീകരിച്ചു.തൃപ്പുണിത്തുറയിലുള്ള യൂണിയന്‍ ബാങ്കിലെ ഐശ്വര്യയുടെ പേരിലുള്ള ലോക്കറാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്. കെ ബാബുവിനെ ഒരാഴ്ച്ചയ്ക്കുള്ളില്‍ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബാബുവിന് ഉടന്‍ നോട്ടീസ് നല്‍കും.

© 2024 Live Kerala News. All Rights Reserved.