ബാര്‍കോഴക്കേസിന്റെ അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്ക്; ബെന്നി ബെഹ്നാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; ലോക്കറുകളിലെ അന്വേഷണം തുടരുന്നു

കൊച്ചി: ബാര്‍കോഴക്കേസിന്റെ അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീങ്ങുന്നു. തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹ്നാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. അന്വേഷണം ബാര്‍ കോഴയിലൂടെ ലഭിച്ച പണം സോളര്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയില്‍. കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ബെന്നി ബെഹ്നാനെക്കുറിച്ചുള്ള പരാതി വിജിലന്‍സിനു ലഭിക്കുന്നത്. സോളര്‍ വിവാദം ഒതുക്കുന്നതിനുവേണ്ടി ബാറുകള്‍ തുറക്കുന്നതിനു കോഴയായി ലഭിച്ച പണം ഉപയോഗിച്ചെന്നാണു പരാതി. ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് ബെന്നിക്കെതിരെ അന്വേഷണം നടത്തുന്നത്. എംഎല്‍എ ആയിരുന്നപ്പോള്‍ ബെന്നി സമ്പാദിച്ച സ്വത്തുക്കളെയും ആസ്തിയേയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കേസില്‍ കെ.ബാബുവിനെതിരായ പരിശോധന ഇന്നും തുടരുകയാണ്. ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്ന് വിജിലന്‍സ് പരിശോധന നടത്തുകയാണ്. കൂടാതെ മൂത്ത മകളുടെ ലോക്കറും വിജിലന്‍സ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്നലെ ബാബുവിന്റെ മകളുടെ ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.