കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടിട്ടുണ്ട് വിജിലന്‍സ്. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.ഇത് സംബന്ധിച്ച നോട്ടീസ് വിജിലന്‍സ് ഇന്ന് അയക്കും. കെ.ബാബുവിന്റെയും ബന്ധുക്കളുടെയും ആസ്തി സംബന്ധിച്ച പരിശോധന വിജിലന്‍സ് ഇന്നും തുടരും. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ ഒരു ലോക്കറില്‍ നിന്ന് വിജിലന്‍സ് 120 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറാണ് പരിശോധിച്ചത്. മറ്റു നാലു ലോക്കറുകള്‍ കൂടി ഇന്ന് പരിശോധിക്കും. അതിനിടെ, വിജിലന്‍സ് പരിശോധനകളില്‍ കണ്ടെടുത്ത രേഖകളും തെളിവുകളും ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വീണ്ടും ഹാജരാക്കും. കെ. ബാബുവിന്റെ വീടടക്കം ആറിടങ്ങളില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണവുമാണ് കോടതിയില്‍ ഹാജരാക്കുന്നത്. കൂടാതെ, ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയില്‍ ലഭിച്ച രേഖകളും മഹസറും ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാബുവിന്റെ ബെനാമികളെന്ന് കരുതുന്ന ബാബുറാമിന്റെയും മോഹനന്റെയും ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. തേനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തേനിയിലെത്തുമെന്നാണ് സൂചന.