കൊച്ചി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ ഭൂമി ഇടപാട് നടത്തിയത് മുന്‍മന്ത്രി കെ. ബാബുവിന്റെ ബിനാമിയെന്ന്് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാം ആണെന്ന് മംഗളം റിപ്പോര്‍ട്ട്. ഇതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ബാബുറാമിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മിക്കുന്നതിനായി പ്രൈം മെറീഡിയന്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാം മുഖേനയായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എണ്‍പത്തഞ്ചോളം രേഖകള്‍ ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അടുപ്പം മാത്രമാണ് കെ. ബാബുവുമായുള്ളതെന്നും ബാബുവിന്റെ പണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ബാബുറാം വിജിലന്‍സിനോടു പറഞ്ഞത്. കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ക്ക് നിരവധി വാഹനങ്ങളുണ്ട്.ബാബുറാം ഭൂമി വാങ്ങിയവരും ബാബുറാമില്‍നിന്നു ഭൂമി വാങ്ങിയവരടക്കമുള്ളവരില്‍നിന്നു നേരിട്ടു മൊഴിയെടുത്തായിരിക്കും ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് നടത്തുക. സച്ചിന്റെ വില്ലയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടവും ഇതിന്റെ ഭാഗമായി അന്വേഷണവിധേയമാകും എന്നാണ് അറിയുന്നത്.കെ. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ പ്രധാന ഭൂമി ഇടപാടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.