റെയ്ഡും കേസും പകപോക്കല്‍; തേനിയില്‍ തനിക്ക് സ്ഥലമില്ല; ബിനാമിയെന്ന് പറഞ്ഞ ബേക്കറിയുടമയെ അറിയില്ലെന്നും മുന്‍ മന്ത്രി കെ ബാബു

കൊച്ചി :തനിക്കെതിരായ വിജിലന്‍സ് കേസിന് പിന്നില്‍ പകപോക്കലാണ്, വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും മുന്‍ മന്ത്രി കെ ബാബു പറഞ്ഞു. റെയ്ഡിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം. തേനിയില്‍ തനിക്ക് 120 ഏക്കര്‍ സ്ഥലമുണ്ടെന്നു പറയുന്നത് ശരിയല്ല. 2008 നവംബര്‍ 3ാം തിയതി മകളുടെ ഭര്‍തൃപിതാവ് വാങ്ങിയതാണ്. പിന്നീട് അദ്ദേഹം അത് വില്‍ക്കുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബര്‍ 9ാം തിയതിയാണ് മകളുടെ വിവാഹം നടന്നത്. ഇതിനു മുന്‍പേ ഈ സ്ഥലം വിറ്റതാണ്. പിന്നെ എങ്ങനെയാണ് ഈ സ്ഥലം എന്റെ പേരിലുള്ളതാവുക. ബിനാമികള്‍ എന്ന പേരില്‍ പറഞ്ഞ ആളുകളെ അറിയുകപോലും ഇല്ല. എഫ്‌ഐആറില്‍ പറയുന്ന തൃപ്പൂണിത്തുറയിലെ മോഹനന്റെ ബേക്കറിക്കട ഉദ്ഘാടനം ചെയ്തത് താനാണ്. പക്ഷെ അദ്ദേഹവുമായി അല്ലാതെയുള്ള ബന്ധമൊന്നുമില്ല. ബാബുറാം എന്നു പറയുന്ന വ്യക്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ്. അങ്ങനെ മാത്രമേ അദ്ദേഹത്തെ അറിയൂ. റിയല്‍ എസ്റ്റേറ്റുകാരുമായി ബന്ധമില്ല. ഇനി ഉണ്ടാവുകയുമില്ല. സംസ്ഥാനത്തിന് പുറത്ത് യാതൊരു നിക്ഷേപവും ഇല്ല. മന്ത്രിയായതിനുശേഷമോ അതിനു മുന്‍പോ സ്വത്ത് സ്വന്തമാക്കിയിട്ടില്ല. മരുമകന്റെ പിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയെന്നും അതു വിറ്റുവെന്നും ഉള്ള ആരോപണത്തിനും ബാബു മറുപടി പറഞ്ഞു. മരുമകന്റെ കുടുംബം പരമ്പരാഗതമായി ബിസിനസുകാരാണ്. അവര്‍ കാര്‍ വാങ്ങി പിന്നീട് വിറ്റു. ഇതില്‍ എനിക്ക് എന്താണ് കാര്യം. ഒരു സ്റ്റീല്‍ കമ്പനിയുമായും യാതൊരു ബന്ധവുമില്ല. കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള ഏതെങ്കിലും നിരപരാധികളെ ബിനാമിയാക്കി ചിത്രീകരിച്ചാല്‍ വിലപോകില്ല. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയില്‍ കെട്ടിവച്ചാല്‍ എങ്ങനെയാണ് ശരിയാവുക. അനധികൃതമായി ഒരു സ്വത്തും ഇല്ല. വീട്ടില്‍ നിന്നും പിടിച്ച ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യത്തിനുള്ളതാണെന്നും ബാബു പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.