കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീടുകളിലും കേന്ദ്രങ്ങളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പണമായി എട്ടു ലക്ഷം രൂപ പിടിച്ചെടുത്തു. ബാബുവിന്റെ പേരില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു. എറണാകുളത്ത് നിരവധി ബിസിനസ് ഗ്രൂപ്പുകളുമായി ബിനാമി ഇടപാട് ഉണ്ട്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ബേക്കറി ശൃംഖലയുമായും ബന്ധമുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. കൂടാതെ, മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ കാര്‍ ബാബു വാങ്ങിയിരുന്നെന്നും ബാര്‍ കോഴ ആരോപണം പുറത്തുവന്നപ്പോള്‍ കാര്‍ വിറ്റെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നു പുലര്‍ച്ചെയാണ് ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് റെയ്ഡ് ആരംഭിച്ചത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും തൊടുപുഴയിലുള്ള മകളുടെ വീട്ടിലും കൊച്ചിയിലുള്ള മകളുടെ വീട്ടിലുമാണ് റെയ്ഡ്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കുമ്പളത്തും വൈറ്റിലയിലുമുള്ള സഹായികളുടെ വീടുകളിലാണ് റെയ്ഡ്. ബാര്‍ബീയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടലുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ റെയ്ഡ്.