കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്; അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു; പരിശോധന നടത്തുന്നത് ഏഴോളം കേന്ദ്രങ്ങളില്‍

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിക്കുപുറമേ മക്കളുടെയും ബന്ധുക്കളുടെയും ബാബുവിന്റെ ബിനാമി എന്നു പറയപ്പെടുന്നവരുടെയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെയാണ് പരിശോധന നടത്തുന്നത്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബാബു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. ബാബുവിന്റെ തൃപ്പുണിത്തുറയിലെ വീട്, മന്ത്രിയായിരുന്ന കാലത്ത് അടുത്ത സഹായികളായിരുന്ന രണ്ടു പേരുടെ പനങ്ങാട്ടെയും മറ്റും വീടുകളും, പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചിരിക്കുന്ന തൊടുപുഴയിലെയും പാലാരിവട്ടത്തെയും വീടുകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഒരേസമയം തന്നെ എല്ലായിടത്തും റെയ്ഡ് നടത്തുകയാണ്. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇഷ്ടക്കാര്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും പറയുന്നു. ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.