കോഴി നികുതി വെട്ടിപ്പ് കേസില്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍; 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ്

കൊച്ചി: കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നികുതി വെട്ടിപ്പ് നടത്തിയ വകയില്‍ കെ.എം മാണി ധനമന്ത്രിയായിരുന്ന കാലയളവില്‍ 200 കോടി രൂപയുടെ നികുതി നഷ്ടം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. പുനരന്വേഷണം നടക്കുന്ന ബാര്‍കോഴ കേസിലും കെ.എം മാണി പ്രതിയാണ്. ഇറച്ചികോഴി കടത്തിന് തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ് 65 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി വാണിജ്യ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വെട്ടിപ്പ് കണ്ടുപിടിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥന്‍മാരെ സ്ഥലംമാറ്റിയ മാണി താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവര്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവ് ചെയ്തു നല്‍കി.

© 2024 Live Kerala News. All Rights Reserved.