കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ടി.ഒ.സൂരജിന് പങ്കില്ലെന്ന് സിബിഐ

 

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ ലാന്‍ഡ് റവന്യു കമ്മിഷണറായ ടി.ഒ. സൂരജിന് പങ്കില്ലെന്നു സിബിഐ വിലയിരുത്തല്‍. തണ്ടപ്പേര്‍ തിരുത്തിയത് തെറ്റെങ്കിലും ഇത് ക്രിമിനല്‍ കുറ്റമല്ല. കീഴുദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിനാലാണ് തണ്ടപ്പേര്‍ തിരുത്തിയത്. മുന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍മാരുടെ നടപടികളും സൂരജ് ശ്രദ്ധിച്ചില്ല.

അതേസമയം, സൂരജിനെതിരെ വകുപ്പുതല നടപടിക്കു സിബിഐ ശുപാര്‍ശ ചെയ്തു. കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് തയാറായിരിക്കുകയാണ്. ഇതിനു കേന്ദ്ര അനുമതി തേടിയിട്ടുണ്ട്.

കേസില്‍ നുണപരിശോധന ഫലം സൂരജിന് അനുകൂലമായിരുന്നു. സൂരജ് ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ടി.ഒ.സൂരജ് ആദ്യം മുതല്‍. കീഴുദ്യോഗസ്ഥര്‍ നല്‍കിയ തെറ്റായ വിവരം പരിശോധിക്കാതെ ഫയലില്‍ ഒപ്പിട്ടു. വകുപ്പുതല അന്വേഷണം വരുമ്പോള്‍ ഇതു തന്റെ തെറ്റാണ്. അഞ്ച് മിനിറ്റ് മാത്രമേ ഈ ഫയല്‍ തന്റെ മുന്‍പില്‍ ഇരുന്നുള്ളെന്നും സൂരജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.