Exclusive Report: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം 22 ന് ..

* പി ജയരാജന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം 22 ന് ..
* ജയരാജനെതിരെയുള്ള മുഴുവന്‍ തെളിവും സിബിഐയ്ക്ക് ലഭിച്ചു.
* കേസന്വേഷണം 40 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സൂചന

കണ്ണൂര്‍: ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശക്ഷക് പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉടനെ പ്രതിചേര്‍ക്കും. ഈ മാസം 22 ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി 22 നാണ് തീര്‍പ്പ് കല്‍പ്പിക്കുക. ജയരാജനെ ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന വിശദീകരണം മാത്രമാണ് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കുമ്പോള്‍ സി.ബി.ഐ കോടതിയെ അറിയിച്ചത്. മറ്റ് വിശദീകരണം നല്കിയിട്ടില്ല. യു.എ.പി.എ.യുടെ 43(14) വകുപ്പ് പ്രകാരം ഇത്തരം കേസുകളില്‍ പ്രതിയാകുന്നയാള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്ന് പറയുന്നുണ്ട്. അതിനാല്‍, ജയരാജനെ പ്രതിയാക്കുന്നതിന് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമാവില്ലെന്നാണ് സി.ബി.എ. പറയുന്നത്.

ഗൂഢാലോചനക്കേസില്‍ ജയരാജനെതിരെ സി.ബി.ഐ.ക്ക് പൂര്‍ണ്ണമായും തെളിവ് ലഭിച്ചതായാണ് വിവരം. നേരത്തെ അരിയില്‍ ഷുക്കൂര്‍വധക്കേസിലും ജയരാജന്‍ പ്രതിയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍(യു.എ.പി.എ.) നിയമപ്രകാരം പ്രതിയാകുന്ന ആദ്യ സി.പി.എം. നേതാവാകും ജയരാജന്‍. പ്രതികളില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പി.ജയരാജനെ നേരത്തെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. തന്നെ ഫോണില്‍ വിളിച്ചതിനൊന്നും കൊലപാതകവുമായി ബന്ധമില്ലെന്നാണ് ജയരാജന്‍ നല്കിയ വിശദീകരണം. സി.ബി.ഐ. ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. ജയരാജനെ പ്രതിചേര്‍ത്ത്
ഒരു 40 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയുടെ തയ്യാറെടുപ്പ്.

സി.ബി.ഐ. നല്കിയ ആദ്യകുറ്റപത്രത്തില്‍ പ്രതികളുമായി ജയരാജനുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. മുഖ്യപ്രതിയായ വിക്രമനുമായി അടുത്തബന്ധമാണ് ജയരാജനുള്ളതെന്നാണ് ഇതില്‍ പറയുന്നത്. പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും ഇതിലുണ്ട്. മനോജിനെ കൊലപ്പെടുത്താന്‍ നാല് തവണ ഗൂഢാലോചന നടന്നതായാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഇതില്‍ നാലാമത്തെ ശ്രമത്തിലാണ് മനോജ് കൊല്ലപ്പെടുന്നത്.

അറസ്റ്റിലായ കിഴക്കേ കതിരൂരിലെ റിജുവിന്റെ വീട്ടിലാണ് അവസാന രണ്ടുതവണയും ഗൂഢാലോചന നടന്നത്. മനോജ് കൊല്ലപ്പെടുന്നതിന് മുമ്പായി വിക്രമനുമായി ജയരാജന്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സി.ബി.ഐ. ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വിക്രമനെ രക്ഷപ്പെടുത്തുന്നത് ജയരാജന്റെ അറിവോടെയാണെന്നും സി.ബി.ഐ. സ്ഥിരീകരിക്കുന്നു.

ദേശാഭിമാനി ജീവനക്കാരനും സി.പി.എം. അംഗവുമായ കൃഷ്ണനാണ് വിക്രമനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തത്. കൃഷ്ണന്‍ കേസില്‍ പ്രതിയാണ്. കൊലപാതകത്തിനുശേഷം വിക്രമനെ പള്ളിക്കുന്ന് ദേശാഭിമാനി ഓഫീസിനടുത്ത് എത്തിക്കുന്നതിന് അകമ്പടി പോയത് ജയരാജന്റെ പേരിലുള്ള വാഹനമാണ്. വിക്രമന്‍ പള്ളിക്കുന്നില്‍ എത്തുന്നതിന് മുമ്പും അതിനുശേഷവും കൃഷ്ണന്‍ ജയരാജനെ വിളിക്കുന്നുണ്ട്. സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലാണ് അപ്പോള്‍ ജയരാജന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍. പ്രതികള്‍ നല്കിയ മൊഴിയും ലഭിച്ച തെളിവുകളും ഇവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ജയരാജന്റെ സഹായമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്നാണ് സി.ബി.ഐ. നല്കുന്ന സൂചന. വിക്രമന് വ്യാജ പേരില്‍ പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ ചികിത്സ ഒരുക്കിക്കൊടുത്തതിന് സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനനെ സി.ബി.ഐ. പ്രതിയാക്കിയിട്ടുണ്ട്.

യു.എ.പി.എ.പ്രകാരം അറസ്റ്റിലാകുന്ന ഒരാളെ കുറ്റപത്രം നല്കുന്നതിന് മുമ്പ് 180 ദിവസം ജാമ്യമില്ലാതെ തടവിലാക്കാം. മനോജ് വധക്കേസില്‍ നേരത്തെ അറസ്റ്റിലായവരെല്ലാം ഇങ്ങനെ തടവിലാക്കപ്പെട്ടവരാണ്. മൂന്നുപ്രതികള്‍ക്ക് മാത്രമാണ് 180 ദിവസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത് സി.ബി.ഐ. ആദ്യ കുറ്റപത്രം കോടതിയില്‍ നല്കിയതിനാലാണ്. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.