വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം: ഹൈക്കോടതി

കൊച്ചി∙ വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. 1967ല്‍ അന്നത്തെ നിയമ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ വിജിലന്‍സ് രൂപീകരിച്ചത്. എന്നാല്‍ വിജിലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ ഇപ്പോഴും പരാധീനതകളാണുള്ളത്.

വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം. സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും ഹൈക്കോടതി വിമർശിച്ചു. വിജിലൻസിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ സാധാരണക്കാരന് നീതിലഭിക്കുന്നില്ല. പല അന്വേഷണങ്ങളും ശരിയായ രീതിയിലുമല്ല.

സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന വിജിലന്‍സ് കോടതികളേ ഉള്ളു. നിലവില്‍ 600 കേസുകള്‍ വിചാരണഘട്ടത്തിലിരിക്കുന്നു. വിജിലന്‍സ് ജഡ്ജി നിയമം പോലും പലപ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങുന്നുന്നുമുണ്ട്.

വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്നും രൂപീകരണം ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭാഗമായല്ലെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി. മോഹനന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി പരിഗണിക്കുമ്പോള്‍ മലബാര്‍ സിമന്‍റ്്സ് അഴിമതി, ബാര്‍ കോഴക്കേസ് എന്നിവയും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് പരിഗണനാവിഷയമാക്കി.

© 2024 Live Kerala News. All Rights Reserved.