അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍; ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ല; ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ജുഡീഷ്യറി മുന്നോട്ടുവരണം

കൊച്ചി: അഭിഭാഷക ഗുണ്ടായിസത്തിനെതിരെയാണ് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആഞ്ഞടിച്ചത്. ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ല. മാധ്യമവിലക്ക് ഇനിയും നീണ്ടുപോകാന്‍ അനുവദിക്കരുത്. ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ജുഡീഷ്യറി മുന്നോട്ടുവരണമെന്നും സ്പീക്കര്‍ പറഞ്ഞു. ഗവ.പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ പീഡിപ്പിച്ചത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ സംഘടിതമായി ആക്രമിച്ചിരുന്നു. തുടര്‍ന്നിവിടുത്തെ മീഡിയ റൂം അഭിഭാഷകര്‍ അടച്ചുപൂട്ടി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സമാനമായ സംഭവമാണ് അരങ്ങേറിയത്. കൊല്ലത്ത് ആട് ആന്റണിയുടെ കേസ് പരിഗണിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് പരിഗണിക്കുന്നതിനിടെ ടൗണ്‍ എസ്‌ഐ വിമോദിനെ ഉപയോഗിച്ചും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അദേഹം കോടതിയെ സമീപിച്ച് നാലുദിവസത്തേക്ക് സ്റ്റേ സമ്പാദിച്ചിരുന്നു. കോഴിക്കോടുള്ള നൂറിലധികം അഭിഭാഷകരാണ് എസ്‌ഐക്ക് വക്കാലത്തേറ്റെടുത്തത്. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ കോടതി വാര്‍ത്തകള്‍ പുറത്തുവരാറില്ല. കോടതിയിലെ ഉത്തരവുകളുംമറ്റും അറിയാതെ വലഞ്ഞത് യഥാര്‍ഥത്തില്‍ സാധാരണക്കാരായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മന്ത്രി ജി സുധാകരന്‍ അഭിഭാഷക ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും അഭിഭാഷകര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സ്പീക്കറും കോടതികളില്‍ മാധ്യമവിലക്ക് നീക്കണമെന്ന ആവശ്യമുന്നിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.

© 2024 Live Kerala News. All Rights Reserved.