അഭിഭാഷകരുടെ തെമ്മാടിത്തരം അതിരുവിടുന്നു; ഗുണ്ടായിസത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കോടതിയലക്ഷ്യക്കേസില്‍ കുടുക്കാനും നീക്കം; മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ തെരുവില്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണി

സ്വന്തം ലേഖകന്‍

കൊച്ചി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ തെരുവ് ഗുണ്ടകളെപ്പോലെ പോലെ പെരുമാറുന്ന അഭിഭാഷകര്‍ വീണ്ടും പ്രകോപനവുമായി രംഗത്ത്. കേരളാ ഹൈക്കോടതിയ്ക്കു മുന്നില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റും ദേശാഭിമാനി റിപ്പോര്‍ട്ടറുമായ രവികുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിലെ വില്‍സന്‍ വടക്കുഞ്ചേരി, ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ് ജയ്ഹിന്ദ് വീഡിയോ എഡിറ്റര്‍ പ്രവീണ്‍ കുമാര്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുളള ചാര്‍ജ് മെമ്മോ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ ജി ഡി വിജയകുമാര്‍, നോര്‍ത്ത് സിഐ നിസാമുദ്ദീന്‍, സൌത്ത് സിഐ സിബി ടോം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഹൈക്കോടതി അഭിഭാഷകന്‍ ജെ എസ് അജിത് കുമാറാണ് പരാതി സമര്‍പ്പിച്ചത്. കേസ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ വാദം കേള്‍ക്കും. അഡ്വ. ആര്‍ രാംകുമാറാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടി അഡീഷണല്‍ എജി ഹാജരാകും. ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

REPORTER-MEMO-1

മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരാകുന്ന വക്കീലന്മാര്‍ ആരൊക്കെ ആയിരിക്കും എന്നറിയാനാണ് എല്ലാവര്‍ക്കും ജിജ്ഞാസ. ഹൈക്കോടതിയ്ക്കു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ആരും വക്കാലത്തെടുക്കരുത് എന്ന് അഭിഭാഷകരുടെ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. വക്കാലത്തേറ്റെടുക്കുന്നവരെ തെരുവില്‍ നേരിടുമെന്നാണ് ഒരുപറ്റം അഭിഭാഷകുടെ ഭീഷണി. സംഘടിത ശക്തിയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുമ്പോഴും അവരുടെ ഭീഷണിയ്ക്കു വഴങ്ങാന്‍ തയ്യാറല്ലാത്ത അഭിഭാഷകരിലാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതീക്ഷ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യനിയമം 10, 11 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കോടതിയ്ക്കു മുന്നില്‍ നിയമവിരുദ്ധമായി തടിച്ചുകൂടിയവരെ നീക്കം ചെയ്യാതെ കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അതുവഴി രഹസ്യമായി മാധ്യമപ്രവര്‍ത്തകരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുളള ആക്ഷേപം. തങ്ങള്‍ക്കെതിരെ തിരിയുന്നവരെയെല്ലാം വരുംകാലങ്ങളില്‍ ഇതുപോലെ നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം. കക്ഷികളെപ്പോലും വേട്ടയാടുന്ന തരത്തിലേക്കാണ് അഭിഭാഷകരുടെ നീക്കം.

© 2024 Live Kerala News. All Rights Reserved.