കെഎം മണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃയോഗത്തില്‍ ധാരണ; എന്‍ഡിഎയില്‍ പോകുന്നത് തടയണമെന്ന് ഘടകകക്ഷികള്‍

തിരുവനന്തപുരം: കെഎം മണിയെയും കോണ്‍ഗ്രസി(എം)നെയും ഭാവിയില്‍ അനുനയിപ്പിച്ച് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ ധാരണ. കേരള കോണ്‍ഗ്രസി(എം)നെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവരണമെന്നു മുന്നണി യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടു. മടങ്ങിവരാന്‍ തയാറായില്ലെങ്കിലും മാണിയെയും കൂട്ടരെയും പ്രകോപിപ്പിക്കേണ്ടെന്നു യോഗത്തില്‍ ധാരണയായി. കേരളാ കോണ്‍ഗ്രസ് (എം), ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ എത്തുന്നതു തടയണമെന്നു ഘടകകക്ഷികള്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണു തദ്ദേശസ്ഥാപനങ്ങളിലെ ബന്ധം തുടരാന്‍ യോഗം തീരുമാനിച്ചത്. മാണി മുന്നണി വിട്ടുപോയതിനേത്തുടര്‍ന്നു കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളില്‍ ഘടകകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചു. മുന്നണിയില്‍ അലോസരമില്ലെന്നു വരുത്താന്‍ കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞിരുന്നു. യോഗത്തില്‍ ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ മുന്‍കൂട്ടിക്കണ്ടായിരുന്നു ഒരുക്കങ്ങള്‍. കേരളാ കോണ്‍ഗ്രസി(എം)നെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നും അവര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മാണി മുന്നണി വിട്ടതിനേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ രണ്ടാംതലമുറ നേതാക്കള്‍ നടത്തിയ പ്രസ്താവനകളില്‍ അതൃപ്തരായാണു ഘടകകക്ഷികള്‍ യോഗത്തിനെത്തിയത്. എന്നാല്‍, ഇതു മുന്‍കൂട്ടിക്കണ്ട രമേശ് ചെന്നിത്തല തുടക്കത്തിലേ കാര്യങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ഭാഗത്തുനിന്നു പ്രകോപനമുണ്ടായിട്ടല്ല കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതെന്നായിരുന്നു രമേശിന്റെ വിശദീകരണം. മാണി പോയ വിഷമത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കളുടെ ഭാഗത്തുനിന്നു ചില പ്രതികരണങ്ങളുണ്ടായി. അതെല്ലാം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. താന്‍ മാണിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയാണു ചെയ്തത്. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷിചര്‍ച്ചകള്‍ നടത്താമെന്നും രമേശ് അറിയിച്ചതോടെ ഘടകകക്ഷികള്‍ തണുത്തു.

© 2025 Live Kerala News. All Rights Reserved.