തിരുവനന്തപുരം: എടിഎമ്മില്‍ കവര്‍ച്ച നടത്തിയ വിദേശ സംഘത്തിലെ മുഴുവന്‍ പേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. മുഖ്യ പ്രതി റുമേനിയന്‍ പൗരനായ മരിയന്‍ ഗബ്രിയേലില്‍ നിന്നാണ് വിവരം ലഭിച്ചത്. ഇന്നലെ വൈകിട്ട് മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെ പൊലീസ് വളയുകയായിരുന്നു. തിരുവനന്തപുരത്ത് എടിഎം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൂന്നു വിദേശികള്‍ ചേര്‍ന്നു പിന്‍നമ്പര്‍ ചോര്‍ത്താനുള്ള ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുംബൈയില്‍ അറസ്റ്റ്. എസ്ബിഐ, എസ്ബിടി, ഐഡിബിഐ, ഫെഡറല്‍ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് 2.45 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണവും പൊലീസ് കണ്ടെടുത്തിരുന്നു. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സവൈപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി. കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസാണു ഗബ്രിയേല്‍ മരിയനെ (27) രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളാണ് എടിഎം മുറിക്കുള്ളില്‍ കയറി ക്യാമറ സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍ ഫ്‌ലോറിയന്‍ (25) എന്നിവരാണു സംഘത്തിലെ മറ്റു രണ്ടുപേര്‍. മുന്‍പ് ഇടപാടുകാരുടെ അജ്ഞത മുതലാക്കിയായിരുന്നു എടിഎം തട്ടിപ്പുകളെങ്കില്‍ ആദ്യമായാണ് വിവരങ്ങള്‍ ചോര്‍ത്തയെടുത്തുള്ള ഹൈടെക് തട്ടിപ്പ് കേരളത്തില്‍ നടക്കുന്നത്. തട്ടിപ്പുകാര്‍ രഹസ്യമായി കാമറ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചത് എസ്ബിഐയുടെ വെള്ളയമ്പലത്തെ എടിഎമ്മിലാണ്. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.