എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ചവര്‍; കൊള്ളയ്ക്ക് പരിശീലനം നേടിയത് ബള്‍ഗേറിയയില്‍ നിന്ന്

മുംബൈ: രാജ്യത്തെ തന്നെ നടുക്കിയ ഹൈടെക് എടിഎം തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കവര്‍ച്ചസംഘാംഗങ്ങള്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ചവരെന്നാണ് വിവരം. സംഭവത്തില്‍ മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ റുമാനിയക്കാരന്‍ ഗബ്രിയേല്‍ ബാര്‍ബോസ ഉള്‍പ്പെട്ട സംഘം കളവില്‍ പരിശീലനം നേടിയത് ബള്‍ഗേറിയയില്‍ നിന്നാണെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സാങ്കേതിക വിദ്യ ലഭ്യമായാല്‍ ഏതൊരാള്‍ക്കും അനായാസം ചെയ്യാവുന്ന കാര്യമേയുള്ള ഇതെന്ന് ഗബ്രിയേല്‍ പോലീസിനോട് വ്യക്തമാക്കി. അന്താരാഷ്ട്ര കണ്ണികളുള്ള സംഘത്തിന്റെ സഹായത്തോടെയാണ് ഗബ്രിയേലും സംഘവും ഹൈടെക് കവര്‍ച്ച നടത്തിയത്. ദിവസങ്ങളോളം കേരളത്തില്‍ കഴിഞ്ഞ ശേഷം തട്ടിപ്പിനുള്ള കളമൊരുക്കി ജൂലൈ 19 ന് നാലംഗ സംഘം ഇന്ത്യ വിട്ടിരുന്നു. മറ്റൊരാള്‍ക്കൊപ്പം ഗബ്രിയേല്‍ പോയത് ബാങ്കോക്കിലേക്കായിരുന്നു. ഒരാള്‍ ഖത്തറിലേക്കും നാലാമന്‍ റുമാനിയയിലേക്കും കടന്നു. ബാങ്കോക്കില്‍ നിന്നും തിരിച്ചെത്തി മുംബൈയിലെ എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ ശ്രമിച്ചാണ് ഗബ്രിയേല്‍ കുടുങ്ങിയത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കൈവശം ഒരു ലക്ഷത്തിനടുത്ത് രൂപയുണ്ടായിരുന്നു. ആയിരത്തഞ്ഞൂറ് യൂമറായും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപ കണ്ടെത്തി. ഇയാളെ കേരളത്തിലെത്തിച്ച് തെളിവെടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

© 2023 Live Kerala News. All Rights Reserved.