തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ വ്യാപക തട്ടിപ്പ്; അമ്പതോളം പേരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു;എസ്ബിടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടി. അമ്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. െഎ.ടി.എം സെന്ററുകള്‍ക്ക് ഉള്ളില്‍ ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് ഹൈടെക് തട്ടിപ്പ് നടന്നിട്ടുള്ളത്. വള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലുള്ള എടിഎമ്മില്‍ പൊലീസ് പരിശോധന നടത്തി. വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് എന്നിവിടങ്ങളിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി അമ്പതോളം പേരാണ് ഇതുവരെ പരാതിയുമായി എത്തിയിട്ടുള്ളത്. പൊലീസിന്റെ പരിശോധനയില്‍ എ.ടി.എം മെഷീനു മുകളില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെ എടിഎം കാര്‍ഡിലെ നമ്പറും പിന്‍നമ്പറും ചോര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മുംബൈയില്‍െ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതോടെയാണ് ഇടപാടുകാര്‍ നെറ്റ് ബാങ്കിംഗ് വഴി നടത്തിയ അന്വേഷണത്തില്‍ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയതായി പണം നഷ്ടപ്പെട്ട സജിന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.