തിരുവനന്തപുരത്ത്: തലസ്ഥാനത്തെ ഞെട്ടിച്ച എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികളാണെന്നാണ് പൊലീസ് നിഗമനം. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റഷ്യ, ഖസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര കവര്‍ച്ചാ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെജെസ് ലഭിച്ചു. എടിഎം ഉപയോഗത്തിനുള്ള രഹസ്യ പിന്‍ നമ്പറും എടിഎം കാര്‍ഡ് വിവരങ്ങളും തട്ടിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണെന്നും പണം പോയവര്‍ പറയുന്നു. 50 ഓളം പേര്‍ ഇതിനോടകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.