തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ പിതാവ് പാപ്പുവല്ലെന്ന് ഡിഎന്‍എ ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പാപ്പുവിനെയാണ് ടെസ്റ്റ് നടത്തിയതിലൂടെ ജിഷയുടെ പിതാവല്ലെന്ന് വ്യക്തകമായതായി ജനം ടിവിയിലെ മറുപടി എന്ന പരിപാടിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസ് തയ്യാറുമല്ല. ഇതോടെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലെത്തുകയാണ്. കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ സ്ഥലത്തെ പൗരപ്രമുഖനും യുഡിഎഫ് കണ്‍വീനറുമായ പിപി തങ്കച്ചന്റെ മകളുമാണെന്ന് കൊലപാതകത്തിന് പിന്നില്‍ അദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നു കാണിച്ച് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ജിഷയുടെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൊലീസ് നടത്തി എന്നതിന് യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഡിഎന്‍എ പരിശോധന ആരു നടത്തിയെന്നത് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ജിഷയുടെ കൊലക്കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെയാണ് ഡിഎന്‍എ പരിശോധനയിലെ ഫലത്തെ കുറിച്ച് ഊഹാപോഹമെത്തുന്നത്. അമീറുള്ളിന്റെ നിലപാട് വിശദീകരണത്തില്‍ പല സംശയങ്ങളും ഉണ്ടെന്നും ജിഷയെ കൊന്നതില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. അമീറുള്ളിന്റെ അടുത്ത കൂട്ടുകാരെ പോലും കണ്ടെത്തിയതുമില്ല. ഇതിനിടെയാണ് ഡിഎന്‍എ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് ജോമോന്‍ വീണ്ടും പരാതിയുമായി എത്തുന്നത്. ജോമോന്റെ ആരോപണം തെറ്റാണെന്നും മറ്റും കാട്ടി തങ്കച്ചനും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതും പൊലീസിന്റെ പരിശോധനയിലാണ്. ജിഷയുടെ മുത്തശ്ശി തങ്കച്ചന്റെ തറവാട്ടില്‍ ജോലിക്കാരിയായിരുന്നു. ഈ സമയങ്ങളില്‍ ജിഷയുടെ അമ്മ രാജേശ്വരിയുമായി തങ്കച്ചന് ബന്ധമുണ്ടായിരുന്നതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഡിഎന്‍എ സംബന്ധിച്ച വെളിപ്പെടുത്തലും പുറത്തുവരുന്നത്.സംഭവം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കുമെന്നും ജോമോന്‍ പറഞ്ഞു.