കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് ഓണ്‍ലൈന്‍ വഴി പണമെത്തിയിരുന്നത് ഐഎസ് ബന്ധമുള്ളവര്‍ക്കായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഐഎസ് സ്വാധീനത്തില്‍ കുടുങ്ങി മലയാളികള്‍ നാടുവിട്ടെന്ന ആരോപണത്തില്‍ കഴമ്പുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. കാസര്‍ഗോഡും, പാലക്കാടും ഉള്‍പ്പെടെയുള്ള പ്രദേശത്ത് നിന്നുള്ള ചിലരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കപ്പെടുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബീഹാറുകാരി യാസ്മിന്‍ മുഹമ്മദ് ഷാഹിദിനാണ് പണം വന്നത്. ഓണ്‍ലൈനിലൂടെയാണ് പണം വന്നതെന്നും തൃക്കരിപ്പൂറിലെ ഒരു അക്കൗണ്ട് വഴിയാണ് ഇത് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കൈപ്പറ്റിയതായുമുള്ള വിവരമാണ് പോലീസിന് കിട്ടിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യാസ്മിന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്. അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് വേണ്ടി യാസ്മിന് പണം കൈമാറിയിട്ടുള്ളത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയെന്ന് പോലീസ് സംശയിക്കുന്ന അബ്ദുള്‍ റാഷിദാണ്. ഇതേ കേസില്‍ രണ്ടാം പ്രതിയാണ് ബീഹാറുകാരി യാസ്മിന്‍. അബ്ദുള്‍ റാഷിദ് നാടുവിട്ട ശേഷവും യാസ്മിന്‍ ഇയാളുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. കേരളത്തില്‍ ഐഎസ് ബന്ധത്തിന്റെ കണ്ണികളിലേക്കാണിപ്പോള്‍ അന്വേഷണം നീങ്ങുന്നത്.