ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ 14 ഇസ്ലാമിക മതപ്രഭാഷകര്‍ക്ക് ഐഎസ് ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കണ്ടെത്തല്‍. കുറ്റപത്രത്തിലാണ് 14 ഇസ്ലാം മത പ്രഭാഷകരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഏറെ സ്വാധീനമുള്ള പ്രഭാഷകരെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൂടാതെ ഏറെയും യു.എസ്,യു.കെ, കാനഡ, ഓസ്‌ട്രേലിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ പ്രഭാഷണങ്ങള്‍ നേരിട്ടോ അല്ലാതെയോ ഐ.എസ് ബന്ധമുള്ളവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഐഎസിലേക്ക് യുവാക്കളെ സ്വാധീനിച്ചുവെന്ന് ആരോപണത്തില്‍ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ എന്‍ഐഎ അന്വേഷണം തുടരുകയാണ്. പണ്ഡിതരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഐ.എസ് ബന്ധമുള്ളവര്‍ വീക്ഷിച്ചിരുന്നു. യു.കെ സ്വദേശികളായ അന്‍ജെം ചൗധരി, അംഹ ആഡ്രെസ് സോര്‍ത്സിസ്, ഇമ്രാം മന്‍സൂര്‍, മിസനൂര്‍ റഹ്മാന്‍, അബ്ദു വാലീദ്, യു.എസിലുള്ള യാസിര്‍ ക്വാദി, യൂസുഫ് എസ്‌റ്റെസ്, ഹംസ യൂസഫ്, അഹമ്മദ് മൂസ ജിബ്രില്‍, ഓസ്‌ട്രേലിയയിലുള്ള മൂസ സെരന്റാനിയോ, ഷെയ്ക് ഫെയ്‌സ് മുഹമ്മദ്, ഒമര്‍ എല്‍ ബന്ന, സിംബാബ്‌വേ സ്വദേശി മുഫ്തി മെനക്, കാനഡ സ്വദേശി മജീദ് മുഹമ്മൂദ് എന്നിവരാണ് എന്‍ഐഎയുടെ പട്ടികയിലുള്ളവര്‍.