ന്യുഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഘക്കേസില്‍ നിര്‍ഭയയുടെ രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്ന വാദം അസംബന്ധമാണെന്നും ഇത് തെളിയിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മ വെല്ലുവിളിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പ്രതികള്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്ന വാദം അഭിഭാഷകനായ എംഎല്‍ ശര്‍മ നിഷേധിച്ചു. കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മുകേഷ്, പവന്‍ എന്നീ പ്രതികളുടെ അഭിഭാഷകനാണ് ശര്‍മ്മ. കേസിലെ പ്രതികള്‍ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ഒന്നിലേറെ തവണ ഇരുമ്പ് ദണ്ഡ് കയറ്റിയെന്ന പോലീസ് വാദത്തിനെതിരെയാണ് പ്രതിഭാഗം അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുന്നത്. കേസിലെ വാദം കഴിഞ്ഞ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഈ വെല്ലുവിളി നടത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്ന വാദം പോലീസ് കെട്ടിച്ചമച്ചതാണെന്ന് ശര്‍മ്മ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ പരുക്കില്ല. ഇത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നുവെന്നും ശര്‍മ പറഞ്ഞു.