കൂട്ടബലാത്സംഘക്കേസിലെ കുട്ടിക്കുറ്റവാളി ഇന്ന് വൈകിട്ട് ജയിലില്‍ നിന്നിറങ്ങും; ദല്‍ഹിയില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഓടുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബാത്സംഘം ചെയ്ത് കൊന്ന കേസിലെ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി ഇന്ന് ജയിലില്‍ നിന്നിറങ്ങും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദല്‍ഹിയില്‍ നിരോധനാജ്ഞ. കുറ്റവാളിയുടെ മോചനത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് ഇന്ത്യാ ഗേറ്റിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂട്ടബലാത്സംഗത്തിന്റെ ഇര ജ്യോതി സിങിന്റെ കുടുംബംഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. കുട്ടിക്കുറ്റവാളിയെ നിരീക്ഷണഭവനത്തില്‍ നിന്നും ഇന്നലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അതീവ രഹസ്യമായി മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഡല്‍ഹി തിമര്‍പുരിലെ ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രതിയുടെ മോചനത്തിനെതിരെ ഇന്നലെ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധിച്ച ജ്യോതി സിങിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികളും പ്രതിയെ മോചിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജന്ദര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ശക്തമായ പ്രതിഷേധമുള്ളതിനാല്‍ പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പ്രതിയെ നിരീക്ഷണ ഭവനത്തില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്. മാധ്യമങ്ങളിലൂടെയും മറ്റും പ്രതിയുടെയും മാതാപിതാക്കളുടെയും വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. മാതാപിതാക്കള്‍ക്ക് നേരിട്ടോ അടുത്ത ബന്ധുവിനോ ആകും കുട്ടിക്കുറ്റവാളിയെ കൈമാറുക. ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കുന്നതു തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാലനീതി നിയമത്തിലെ 15(1) വകുപ്പുപ്രകാരം കുട്ടിക്കുറ്റവാളികളെ നിരീക്ഷണ ഭവനത്തില്‍ താമസിപ്പിക്കാവുന്ന പരമാവധി കാലയളവു മൂന്നു വര്‍ഷമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി പ്രതിയെ മോചിപിക്കുന്നത്. ഇതോടെ, ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രതി ജയില്‍ മോചിതനാകും. ആളുകള്‍ കൂട്ടംകൂടുന്നതിനും പ്രതിഷേധിക്കുന്നതിനും കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.