കൂട്ടബലാത്സംഘക്കേസിലെ കുട്ടിക്കുറ്റവാളിയ്ക്ക് ഇനി പൊലീസ് സംരക്ഷണമില്ല; സന്നദ്ധ സംഘടനയുടെ പുനധിവാസ കേന്ദ്രത്തില്‍; വിട്ടയക്കുന്നതിനെതിരെ വനിതാകമ്മീഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ ബസ്സില്‍ യുവതിയെ കൂട്ടബാലത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുട്ടിക്കുറ്റവാളിയ്ക്ക് ഇനി പൊലീസ് സംരക്ഷണമില്ല.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു വിട്ടയച്ച കുട്ടിക്കുറ്റവാളിയിപ്പോള്‍ സന്നദ്ധ സംഘടനയുടെ പുനരധിവാസ കേന്ദ്രത്തിലാണ് കഴിയുന്നത്. ഗ്രാമത്തിലേക്കു മടങ്ങിയാലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, പ്രതിയുടേയും കുടുംബത്തിന്റേയും അഭിപ്രായം കൂടി പരിഗണിച്ചാണ് ഡല്‍ഹിയിലെ കേന്ദ്രത്തിലേക്കു മാറ്റിയത്. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അര്‍ധരാത്രിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഒരു പരാമര്‍ശംപോലും നടത്താതെ കോടതി തള്ളിയത്. ഇതോടെ കുട്ടിക്കുറ്റവാളി പൂര്‍ണ്ണമായും സ്വതന്ത്രനായി. കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതി സിങ്ങിന്റെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ പ്രതിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇന്നലെ ജന്തര്‍മന്തറിലും ഇന്ത്യാഗേറ്റിലും പ്രതിഷേധ പ്രകടനം നടന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ഇവരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. അനിശ്ചിതത്വത്തിനു വിരാമമിട്ട് ഇന്നലെ വൈകിട്ട് അഞ്ചിനാണ് പ്രതിയെ മോചിപ്പിച്ചത്. നിരീക്ഷണ ഭവനില്‍ നിന്നു ശനിയാഴ്ച തന്നെ ഇയാളെ പൊലീസ് സംരക്ഷണത്തില്‍ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അവിടെവച്ച് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു.

അതീവ രഹസ്യമായാണ് കൈമാറ്റം നടന്നത്. രാജ്യത്തെ നടുക്കിയ കുറ്റകൃത്യത്തിലെ പ്രതിയെയാണ് താമസിപ്പിക്കുന്നതെന്നു കേന്ദ്രത്തിലെ ജീവനക്കാരെ പോലും അറിയിച്ചിട്ടില്ല. ചോര്‍ന്നുപോകാനുള്ള സാധ്യത കണക്കിലെടുത്ത് റജിസ്റ്ററില്‍ യഥാര്‍ഥ പേര് ചേര്‍ത്തിട്ടില്ല. സ്വന്തം ഗ്രാമമായ യുപിയിലെ ബദായൂവിലേക്കു വിട്ടയയ്ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മാറ്റിയത്. പ്രതിയുടേയും ബന്ധുക്കളുടേയും അഭിപ്രായം കൂടി കണക്കിലെടുത്താണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അന്തിമ തീരുമാനമെടുത്തത്. യോഗയും കൗണ്‍സലിങ്ങും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള കേന്ദ്രത്തില്‍ പഠനത്തിനും സൗകര്യമുണ്ടാകും. പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപയുടെ ഒറ്റത്തവണ ഗ്രാന്റും തയ്യല്‍ മെഷീനും ഇവിടെ നിന്നു പുറത്തുപോകുമ്പോള്‍ നല്‍കും.

© 2024 Live Kerala News. All Rights Reserved.