കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ ആര്‍ഷി ഖുറേശി മതംമാറ്റിയ മലയാളികളടക്കം 700ഓളം പേരെ കണ്ടെത്താന്‍ പൊലീസ് ശ്രമം. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ മതം മാറ്റിയതെന്നും ഖുറേശി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആളുകളെ മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നതും ഖുറേഷി തന്നെയാണ്. അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്ന് കാണാതായ അഷ്ഫാഖ് അടക്കം മൂന്ന് പേരെ കൂടി കേസില്‍ പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ഖുറേഷിയുമായി ഇയാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ തെളിവുകള്‍ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ഖുറേഷി ഇടപെട്ട് മതം മാറ്റിയവരടക്കം 21 പേരെയാണ് കേരളത്തില്‍നിന്നും കാണാതായത്. 700ഓളം പേരെ മതം മാറ്റി എന്ന് ഖുറേശി വെളിപ്പെടുത്തിയതോടെ വരുംദിവസങ്ങളില്‍ ഇവരെ കണ്ടുപിടിക്കാനായിരിക്കും പോലീസിന്റെ ശ്രമം. മലയാളികളടക്കം ഖുറേശി മതം മാറ്റിയവരില്‍ ആര്‍ക്കെങ്കിലും ഐഎസ് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ച് വരുകയാണ്. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പോലീസ് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കാസര്‍ക്കോട് നിന്ന് കാണാതായ മലയാളികള്‍ ഐഎസ് ക്യാമ്പിലെത്തിയതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ മതംമാറ്റം നടത്തിയവരെയെല്ലാം ഏറെക്കുറെ കടത്തിയിരിക്കുമെന്നാണ് പൊലീസ് നിഗമനം.