ജയിലിലായ കാര്യം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കണം; കേസ് നടത്തണം; അമിര്‍ ഉള്‍ ഇസ്ലാം അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തി

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാം അഭിഭാഷകനായ പി രാജനുമായി ജയിലില്‍ കൂടിക്കാഴ്ച്ച നടത്തി. ജയിലിലായ കാര്യം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കണമെന്നും കേസ് നടത്തണമെന്നും അമിര്‍ അഭിഭാഷകനോട് പറഞ്ഞു. പ്രതിഭാഗം അഭിഭാഷകനായ രാജന്‍ കോടതി അനുമതിയോടെയാണ് കാക്കനാട് ജില്ലാ ജയിലില്‍ അമീറിനെ കണ്ടത്. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു കൂടിക്കാഴ്ച. കേസിനെക്കുറിച്ച് പൊലീസിന് നല്‍കിയ മൊഴി തന്നെ അമീര്‍ അഭിഭാഷകനോടും ആവര്‍ത്തിച്ചു. കുറ്റകൃത്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹിന്ദിയും ബംഗാളിയും നന്നായി സംസാരിക്കും. എന്നാല്‍ അസമീസ് ഭാഷ അധികം വശമില്ല. മലയാളത്തിലെ പല വാക്കുകളും ആശയ വിനിമയത്തിന് ഉപയോഗിച്ചതായി പി.രാജന്‍ പറഞ്ഞു. മൃഗപീഡന കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം പ്രതി അറിഞ്ഞിട്ടില്ല. ഇക്കാര്യം അറിയില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കൊലപാതകത്തെ കുറിച്ചു പറയുമ്പോള്‍ നിര്‍വികാരനായിരുന്നു അമീര്‍. രണ്ടു ഭാര്യമാരുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ അറിഞ്ഞിരുന്നെങ്കിലും കൊല്‍ക്കത്തയിലെ ഭാര്യയെ കുറിച്ചു മാത്രമാണ് ഇയാള്‍ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.