അമിര്‍ ഉള്‍ ഇസ്ലാമിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; പത്ത്ദിവസത്തെ ചോദ്യം ചെയ്യലിനിടയിലും കൊലപാതക കാരണമോ കൊലയ്ക്ക് ഉപയോഗിച്ച ആയുധമോ പൊലീസിന് ലഭിച്ചില്ല; കാഞ്ചീപുരത്തെ തെളിവെടുപ്പിലും കാര്യമായ പ്രയോജനമുണ്ടായില്ല

കൊച്ചി: ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമിര്‍ ഉള്‍ ഇസ്ലാമിന്റെ പൊലീസ് കസ്റ്റഡിയ്ക്കുള്ള കാലാവധി ഇന്ന് അവവസാനിക്കും. കവൈകുന്നേരം നാലു മണിയോടെ പ്രതി അമീറുള്‍ ഇസ്ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അമീറുള്‍ ഇസ്ലാമിനെ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും കൊലക്ക് ഉപയോഗിച്ച ആയുധമോ കൊലപാതകം ചെയ്യാനുണ്ടായ കാരണമോ മനസ്സിലാക്കാന്‍ കഴിയാത്തത് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിട്ടതുണ്ട്. അതേസമയം പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന്‍ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കാഞ്ചിപുരത്തേക്ക് പോയത്. സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെ തെളിവെടുപ്പിന് എത്തിയത്. കാഞ്ചിപുരത്തെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ ഇവിടെ എട്ടു ദിവസത്തോളം താമസിച്ചിരുന്നു. പ്രതിയുടെ മുഖം കാണണമെന്ന് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കാഞ്ചീപുരത്തെ ശിങ്കടിവാക്കത്തെ താമസ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടക്കുന്നതിനിടെ നാട്ടുകാര്‍ ആവശ്യപ്പെട്ടത് പൊലീസിനെ കുഴക്കി. നാട്ടുകാരില്‍ ചിലരാണു പ്രതിയുടെ മുഖത്തെ കറുത്ത തുണി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ‘മുഖംമൂടി മാറ്റണം. അവന്റെ മുഖം കണ്ടാല്‍ ആളെ മനസ്സിലാവും. ഇവിടെയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോയെന്ന് അറിയണമല്ലോ?’, തെളിവെടുപ്പ് കാണാനെത്തിയ ചെറിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന യുവാവ് പറഞ്ഞു. ഇയാളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അവിടെ കൂടിയവര്‍ നന്നേ പാടുപെട്ടു. ഇതുവരെ എല്ലായിടത്തും അമീറിനെ തെളിവെടുപ്പിനായി കൊണ്ടു പോയതു മുഖം മറച്ചാണെന്നു പൊലീസ് വിശദീകരിച്ചു. കാഞ്ചീപുരത്തെ തെളിവെടുപ്പില്‍ നിന്നും കേസിന് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.