അമിര്‍ ഉള്‍ ഇസ്ലാമിനെ ജിഷയുടെ വീട്ടില്‍കൊണ്ടുവന്ന് തെളിവെടുത്തു;ജനബാഹുല്യം കാരണം ലോഡ്ജില്‍ തെളിവെടുപ്പിനായില്ല; പ്രതിയുടെ കസ്റ്റഡി കാലവധി 30ന് അവസാനിക്കും

കൊച്ചി :അമിര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുത്തെങ്കിലും ജനബാഹുല്യം കാരണം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനാകാതെ മടങ്ങി. മുഖം മറച്ചുതന്നെയാണ് അമിറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമിറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. അതേസമയം കേസിലെ നിര്‍ണ്ണായക തെളിവുകളായ കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതും പൊലീസിനു തലവേദനയായിട്ടുണ്ട്.
ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂര്‍ വിട്ടുപോയതും അമീര്‍ കൃത്യമായി പൊലീസിനോട് വിവരിക്കുന്നുണ്ട്. എന്നാല്‍, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല വെളിപ്പെടുത്തിയത്. കേസില്‍ പൊലീസ് കാണുന്ന ഏറ്റവും ദുര്‍ബലമായ ഘടകവും ഇതുതന്നെയാണ്. ആലുവ പൊലീസ് ക്ലബ്ബില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അമിര്‍ ഉള്‍ ഇസ്ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി എത്തിയത് ഓട്ടോയിലാണ്. അമിറിന്റെ കൂട്ടാളി അനാദിറിനും പങ്കുണ്ടെന്ന് മൊഴി ലഭിച്ച സാഹചര്യത്തില്‍ അയാളെകൂടി പിടികൂടുകയെന്നതും പൊലീസിന്റെ ദൗത്യമാണ്.

© 2024 Live Kerala News. All Rights Reserved.