സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കൂട്ടരാജി; അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; നടപടി വിവാദത്തുടര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ 13 അംഗങ്ങളും രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചായിട്ടാണ് രാജിയെന്ന് അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജു അടക്കം സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് കായികമന്ത്രി ഇപി ജയരാജന്‍ ആരോപണമുന്നയിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മന്ത്രി മുഴക്കിയെന്ന് അഞ്ജു ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനിടെ ടിപി ദാസനെ പ്രസിഡന്റാക്കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയിരുന്നു. ഈ മാസം 29നകം കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 14ജില്ലാ കൗണ്‍സിലുകളിലേക്ക് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ചര്‍ച്ചകളും തലസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാരിനു കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാമെന്ന കായികനിയമത്തിലെ വ്യവസ്ഥയാണ് നീക്കങ്ങള്‍ക്ക് തുണ. അജിത് മാര്‍ക്കോസിന്റെ നിയമനം കൗണ്‍സില്‍ അല്ല നടത്തിയതെന്നും സര്‍ക്കാറാണെന്നും അഞ്ജു പറഞ്ഞു. പരിശീലകനാകാന്‍ എല്ലാ യോഗ്യതയും അജിത്തിനുണ്ട്. സ്‌പോര്‍ട്‌സ് ലോട്ടറിയാണ് ഈ നൂറ്റാണ്ടില്‍ കായിക മേഖല കണ്ട ഏറ്റവും വലിയ അഴിമതി. തന്റെ കൂടി പടം വച്ചാണ് ലോട്ടറി അടിച്ചത്. അപമാനം സഹിച്ച് ഇനിയും സ്ഥാനത്ത് തുടാനാവില്ല. സ്‌പോര്‍ട്‌സിനെ കൊല്ലാം എന്നാല്‍ കായിക താരങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും അഞ്ജു വ്യക്തമാക്കി. ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ജിവി രാജയെ കരയിപ്പിച്ചവര്‍ക്ക് മുമ്പില്‍ തങ്ങളുടെ കണ്ണുനീര്‍ ഒന്നുമല്ലെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.