അഞ്ജു ബോബിജോര്‍ജ്ജ് പുറത്തേക്ക്? പദവിയില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണ്; സ്ഥാനങ്ങള്‍ക്ക് വേണ്ടി ആരുടെയും പുറകെ പോയിട്ടില്ലെന്നും അഞ്ജു

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജ് തെറിച്ചേക്കുമെന്ന് വിവരം. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചു. ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുവെന്നും കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായ രീതിയില്‍ ആകാമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ്. പ്രതികരിച്ചു. ഞങ്ങള്‍ക്ക് പകരം വേറെ ആളുകളെ കൊണ്ടുവരുന്നതില്‍ സന്തോഷമേ ഉള്ളെന്നും മാറാന്‍ തങ്ങള്‍ തയ്യാറാണെന്നും അഞ്ജു പറഞ്ഞു. ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ല. എല്ലാം ഞങ്ങള്‍ക്ക് അംഗീകാരമായി ഇങ്ങോട്ട് കിട്ടിയതാണ്. പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും അഞ്ജു പറഞ്ഞു. തന്റെ ശ്രദ്ധയില്‍വന്ന കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞ് സൗഹൃദത്തോടെയാണ് പിരിഞ്ഞത്. ഏഴിന് തന്നെ കാണാന്‍വന്ന് തിരിച്ചുപോയ അഞ്ജു ബോബി ജോര്‍ജ് അന്ന് ഒരു പരാതിയും പറഞ്ഞില്ല. അടുത്ത ദിവസവും പിന്നിട്ട് ഒമ്പതിനാണ് തന്നെ ശകാരിച്ചു എന്ന വാര്‍ത്ത അവര്‍ പുറത്തുവിടുന്നത്. എന്തുകൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. ഈ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നതെന്നും ഇപി ജയരാജന്‍ പറയുന്നു. അടുത്ത സ്‌പോര്‍്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.