സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വരുന്നത് മാസത്തില്‍ ഒന്നോ രണ്ടോ തവണ; സഹോദരന് അസി. സെക്രട്ടറിയായി ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിയമനം; സ്വന്തം സ്‌പോര്‍ട്‌സ് അക്കാദമിയില്‍ മാത്രമായി ശ്രദ്ധ; അഞ്ജു ബോബിജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവരുന്നു. കായികമന്ത്രി ഇ.പി. ജയരാജന്‍ ആക്ഷേപിച്ചെന്നു അഞ്ജു പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇവരെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തുന്നത്. സഹോദരന് അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള തസ്തികയിലേക്ക് നിയമനം നല്‍കി.
പ്രസിഡന്റ്‌സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബാഗ്ലൂരില്‍ നിന്ന് വന്നുപോകുന്നു എന്നതാണ് അഞ്ജുവിനെതിരേ ആദ്യം ഉയര്‍ന്ന ആക്ഷേപം. ബാംഗ്ലൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരുന്നു. ജോലിക്കിടെ വീണുകിട്ടുന്ന സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു മന്ത്രി ഇപി ചോദിച്ചത്. ഇതിനുപുറമേ ദേശീയ അത്‌ലറ്റിക്‌സ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്ന പദവികൂടി അഞ്ജുവിനുണ്ട്. കസ്റ്റംസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നാണ് ചട്ടം. ഇതു ലംഘിച്ച് ബാംഗ്ലൂരില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും തുടങ്ങി. ഇതിനിടെ കേരളത്തില്‍ വന്നുപോകാനുള്ള വിമാനയാത്രച്ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കസ്റ്റംസില്‍നിന്നുള്ള ശമ്പളത്തിനു പുറമേ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ പണം പറ്റുന്നതും വിമര്‍ശനത്തിനു മറ്റൊരു കാരണമായി. 2015 നവംബര്‍ 27 നാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. പി.ടി. ഉഷ പ്രസിഡന്റാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അഞ്ജുവിനെ പ്രസിഡന്റാക്കാന്‍ അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തീരുമാനിച്ചത്. അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത് മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ നടത്തിയ ശ്രമവും വിവാദം ക്ഷണിച്ചുവരുത്തി. പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഇതിനുള്ള ആദ്യനീക്കമുണ്ടായത്. യോഗ്യനല്ലെന്നു കണ്ടതോടെ അപേക്ഷ നിരസിക്കാന്‍ പത്മിനി തോമസ് തീരുമാനിച്ചു. കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജ് ചുമതലയേറ്റതോടെ വീണ്ടും നിയമനത്തിനുള്ള നീക്കം നടത്തിയെന്നാണ് ആരോപണം. ഏതായാലും സഹോദരന് അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ലഭിച്ചു. ഇത്രയും ക്രമക്കേട് നടത്തിയെന്ന ആരോപണമുയര്‍ന്ന വ്യക്തിയെ മന്ത്രി ഭീഷണിപ്പെടുത്തിയതില്‍ തെറ്റില്ലെന്നും അഞ്ജുവിനെതിരെ നടപടി വേണമെന്നും പറയുന്നവരാണ് അധികവും.

© 2024 Live Kerala News. All Rights Reserved.