ജിഷ വധക്കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാം പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍; തെളിവെടുപ്പിനായി പ്രതിയെ അസമിലും തമിഴ്‌നാട്ടിലും കൊണ്ടുപോകും; തനിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് പ്രതി കോടതിയില്‍

കൊച്ചി; ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഈ മാസം മുപ്പത് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍, എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചപ്പോള്‍ തനിക്ക് നാട്ടില്‍ പോകണമെന്നായിരുന്നു മറുപടി. പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും. മുഖം മറച്ചായിരിക്കും തെളിവെടുപ്പ്. കൊലനടത്താനായി പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തലാണ് പൊലീസിന്റെ അടുത്ത ദൗത്യം. അസം, തമിഴ്‌നാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കും. അമീറുല്‍ ഇസ്‌ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം നടന്ന ഏപ്രില്‍ 28 നു സന്ധ്യയോടെ ജിഷയുടെ വീട്ടില്‍നിന്നു കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് സമീപത്തെ കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴി നല്‍കിയ വീട്ടമ്മയായ ശ്രീലേഖയാണ് കാക്കനാട് ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അമീറിനെ തിരിച്ചറിഞ്ഞത്. കേസിലെ മുഖ്യസാക്ഷിയാണു ശ്രീലേഖ. ജിഷയുടെ അയല്‍വാസികളായ മറ്റു മൂന്നുപേര്‍ക്കും കൊലനടന്ന ദിവസം അമീര്‍ പുതിയ ചെരുപ്പു വാങ്ങാനെത്തിയ കുറുപ്പംപടിയിലെ കടയുടെ ഉടമയ്ക്കും വേണ്ടി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്താനാണ് തീരുമാനം. അതേസമയം, അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. അസമില്‍നിന്നു പോയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഇയാള്‍ക്കായും തിരച്ചില്‍ നടത്തിവരികയായിരുന്നു.

© 2024 Live Kerala News. All Rights Reserved.