ജിഷവധക്കേസില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഇയാളുടെ മുഖം വ്യക്തമായി കാണുന്നില്ല; പി പി തങ്കച്ചന്റെ വീട്ടില്‍ രാജേശ്വരിയുടെ മാതാവ് ജോലി ചെയ്തതയി ബന്ധുക്കളുടെ മൊഴി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സിസിടിവി ദൃശ്യങ്ങളില്‍ കൊലയാളിയെ തിരിച്ചറിയാനായില്ല. വട്ടോളിപ്പടിയിലെ കിസാന്‍ കേന്ദ്രയിലെ നിരീക്ഷണ കാമറയില്‍നിന്നു പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കൊലയാളിയെന്നു സംശയിക്കുന്നയാളും ജിഷയും വീട്ടിലേക്ക് നടന്നുപോകുന്നത് കാണാമായിരുന്നു. കാമറയില്‍ പതിഞ്ഞ യുവതി ജിഷ തന്നെയാണെന്നു വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണു ജിഷ വട്ടോളിപ്പടിയില്‍ ബസ് ഇറങ്ങിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡ് മുറിച്ചുകടക്കുന്ന ജിഷയെ പിന്തുടരുന്ന മഞ്ഞ ഷര്‍ട്ടുകാരന്‍ കൊലയാളിയാണെന്നാണു നിഗമനം. എന്നാല്‍ ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം പതിയാത്തതാണ് അന്വേഷണത്തിനു തിരിച്ചടിയായത്. ജിഷ രണ്ടു വര്‍ഷം ജോലി ചെയ്ത സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ബന്ധങ്ങള്‍ കണ്ടെത്താനാണു ശ്രമം. കൊല്ലപ്പെട്ടതിനു മുന്‍പോ ശേഷമോ ജിഷ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നു കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച രീതിയാണ് അന്വേഷണം ആശുപത്രി കേന്ദ്രീകരിച്ചു നടത്താന്‍ പ്രേരിപ്പിക്കുന്നത്.

ഇടുക്കി കഞ്ഞിക്കുഴിയില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു. ഇയാളുടെ ഡിഎന്‍എ പരിശോധനയ്ക്കും നീക്കമുണ്ട്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ മകന്‍ വര്‍ഗീസ്‌കുട്ടിയെ പോലീസ് ചോദ്യം ചെയ്തു. തങ്കച്ചന്റെ സഹായി ബൈജുവിനെയും ചോദ്യം ചെയ്തിരുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. തങ്കച്ചന്റെ വീട്ടുജോലിക്കാരിയായിരുന്നു രാജേശ്വരി എന്നാണ് ജോമോന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തങ്കച്ചന് രാജേശ്വരിയെ അറിയില്ലെന്ന വാദം ശരിയല്ലെന്ന് രാജേശ്വരിയുടെ സഹോദരന്‍മാരും അടുത്ത ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. രാജേശ്വരിയുടെ അമ്മ വിനോദിനി തങ്കച്ചന്റെ വീട്ടില്‍ നാലുവര്‍ഷം ജോലി ചെയ്തിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം. ഏത് വര്‍ഷമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. അന്വേഷണം വീണ്ടും കീറാമുട്ടിയായിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.