ജിഷ വധക്കേസില്‍ ഇടുക്കിയില്‍ നിന്നും പിടിയിലായ ആളുടെ ഡിഎന്‍എ പരിശോധിക്കുന്നു; കൊലയാളി ചികിത്സ തേടി തൃശൂരിലെ ആശുപത്രിയില്‍ പോയി

കൊച്ചി: പെരുമ്പാവൂര്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷ വധക്കേസില്‍ ഇടുക്കി വെണ്‍മണിയില്‍ നിന്നും പിടിയിലായ ആളുടെ ഡി.എന്‍.എ പരിശോധിക്കുന്നു. ഹൈദരാബാദിലെ കേന്ദ്ര ലാബിലാണ് ഡി.എന്‍.എ പരിശോധിക്കുന്നത്. നാല് ദിവസത്തിനകം ഫലം ലഭ്യമാകും. ഇടുക്കി വെണ്‍മണിയില്‍ നിന്നാണ് രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയിലായത്.

അതേസമയം കൊലയാളി ചികിത്സ തേടി തൃശൂരിലെ ആശുപത്രിയിലെത്തിയിരുന്നുവെന്ന സൂചനകളുടെയും സംശയങ്ങളുടേയും അടിസ്ഥാനത്തില്‍ കേസന്വേഷണം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും ദിവസമായി പൊലീസ് സംഘം അന്വേഷണം നടത്തിവരികയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അടുത്ത ഒരാഴ്ചവരെ തൃശൂരിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ പുരുഷന്‍മാരുടെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. ഇവരുടെ പേരും ഫോണ്‍നമ്പറടക്കമുള്ള വിലാസവും ഇവര്‍ക്ക് പറ്റിയ പരിക്കുകളുടെ സ്വഭാവവും എല്ലാം വിശദമായി ശേഖരിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.