എനിക്ക് ആരെയും വിശ്വാസമില്ലെന്ന സംഭാഷണം ആദ്യം കേട്ടു; പിന്നെ ജിഷ അലറിക്കരഞ്ഞു; വീടിനടുത്ത് രണ്ട് സ്ത്രീകള്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല; അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

പെരുമ്പാവൂര്‍: തുടക്കം മുതല്‍ മൊഴി നല്‍കാപോലും വൈമുഖ്യം കാട്ടിയ ജിഷയുടെ അയല്‍വാസികള്‍ ഒടുവില്‍ നിര്‍ണ്ണായക വെളിപ്പടുത്തലുമായി രംഗത്ത്. തനിക്ക് ആരെയും വിശ്വാസമില്ലെന്ന സംഭാഷണമാണ് ആദ്യം പുറത്ത് കേട്ടത്. പിന്നെ ജിഷയുടെ അലറിക്കരച്ചിലുമുണ്ടായെന്ന് അയല്‍വാസി നന്ദകുമാര്‍ സ്വകാര്യ ചാനലില്‍ വ്യക്തമാക്കിയത്. ഈ സമയത്ത് അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ജിഷയും അമ്മയും തമ്മില്‍ ഇടക്ക് വഴക്ക് കൂടുന്നതിനാല്‍ ഇത് കാര്യമാക്കിയല്ലെന്നും അയല്‍വാസി നന്ദകുമാര്‍ പറഞ്ഞു. വൈകിട്ട് നാലിനും ആറിനും ഇടക്കാണ് കരച്ചില്‍ കേട്ടത് എന്നാല്‍ മരണം സംബന്ധിച്ച് ആളുകള്‍ രണ്ട് സമയങ്ങള്‍ പറയുന്നുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണയക തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറുപ്പംപടിയിലെ വളം വില്‍പ്പന കേന്ദ്രത്തിനു മുന്നിലൂടെ ജിഷയും പ്രതിയെന്നു കരുതുന്ന യുവാവും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പൊലീസിന് ലഭിച്ചത്. ജിഷയുടെ പിറകെ പിന്തുടരുന്ന രീതിയില്‍ മഞ്ഞ ഷര്‍ട്ടിട്ട യുവാവ് നടന്നു നീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി 6.30ഓടെ പോയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്. അതേസമയം വീരപ്പന്‍ സന്തോഷിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. ആര്‍ക്കും വേണ്ടിയാണ് വാടകക്കൊലയാളി കൃത്യം നിര്‍വഹിച്ചതെന്നതും നിര്‍ണ്ണായകമാണ്.

© 2024 Live Kerala News. All Rights Reserved.