കൊല്ലപ്പെട്ട ദിവസം മഞ്ഞഷര്‍ട്ടിട്ട യുവാവും ജിഷയും വീട്ടിലേക്ക് പോയതിന് തെളിവ്; ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു; ചിത്രങ്ങള്‍ പതിഞ്ഞത് വളം ഡിപ്പോയിലെ സിസിടിവിയില്‍

കൊച്ചി: കൊല്ലപ്പെട്ട ദിവസം ജിഷയെ മഞ്ഞഷര്‍ട്ടിട്ട യുവാവ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഥലത്തെ വളംഡിപ്പോയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെ ജിഷ വധക്കേസ് നിര്‍ണായക വഴിത്തിരിവിലെത്തി. സിസിടിവി ദൃശ്യങ്ങള്‍ കൊലയാളിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം നടന്ന ദിവസം ജിഷയും പ്രതിയെന്ന സംശയിക്കുന്നയാളും ഒരുമിച്ച് ജിഷയുടെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കുറുപ്പംപടിയിലെ വളംവില്‍പ്പന കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ജിഷയോടൊപ്പം മഞ്ഞ ഷര്‍ട്ടിട്ട യുവാവ് നടന്നു നീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി 6.30ഓടെ പോയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്. ജിഷ വധക്കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ തെളിവ് തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍. സംഭവദിവസം വൈകിട്ട് ആറരയോടെ കനാല്‍ വഴി മഞ്ഞഷര്‍ട്ടിട്ട ആള്‍ പോയതായും ജിഷയുടെ വീട്ടില്‍ നിന്ന് മഞ്ഞഷര്‍ട്ടിട്ടയാള്‍ ഇറങ്ങിവരുന്നതായുമൊക്കെ മൊഴിയുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനുമായി ബന്ധമുണ്ടെന്ന് പറയുന്ന കുപ്രസിദ്ധ വാടക ഗുണ്ട വീരപ്പന്‍ സന്തോഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.