ജിഷ വധക്കേസിന്റെ അന്വേഷണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്ക്; കൊല്ലപ്പെടുന്നതിന് മുന്‍പ് സബ് റജിസ്ട്രാര്‍ ഓഫീസില്‍ പോയി; അന്വേഷണം വഴിത്തിരിവിലേക്ക്

കൊച്ചി: പെരുമ്പാവൂര്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷ വധക്കേസിന്റെ അന്വേഷണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്ക് നീങ്ങുന്നു. ഇടുക്കി കഞ്ഞിക്കുഴിയില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്‍പു ചില സ്ഥല ഇടപാടു രേഖകള്‍ അന്വേഷിച്ചു ജിഷ സബ് റജിസ്ട്രാര്‍ ഓഫീസില്‍ പോയി എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുറുപ്പംപടി വട്ടോളിപ്പടി പ്രദേശത്തെ ചില ഭൂമി ഇടപാടുകള്‍ ജിഷ ശ്രദ്ധിച്ചിരുന്നതായാണ് അന്വേഷണ സംഘം മനസ്സിലാക്കുന്നത്. വട്ടോളിപ്പടി കനാല്‍ പുറമ്പോക്കിലെ കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ ജിഷയും അമ്മ രാജേശ്വരിയും ഉണ്ടായിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം വീടിനുള്ളിലുണ്ടായിരുന്ന ചില സ്ഥലമിടപാടു രേഖകളുടെ കോപ്പികള്‍ പിന്നീട് അപ്രത്യക്ഷമായതായി സംഭവത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലോക്കല്‍ പൊലീസ് മനസ്സിലാക്കിയിരുന്നെങ്കിലും അതു മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. സംഭവസ്ഥലം മുദ്രവയ്ക്കുന്നതിനു മുന്‍പാണ് രേഖകള്‍ നഷ്ടപ്പെട്ടത്. കൊലപാതകം തിരഞ്ഞെടുപ്പു വിഷയമായി വളര്‍ന്നതോടെ ലോക്കല്‍ പൊലീസിനു പറ്റിയ ഈ വീഴ്ച മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ മറച്ചു വയ്ക്കുകയായിരുന്നു. ആരുടെ ഭൂമി ഇടപാടു സംബന്ധിച്ച രേഖകള്‍ സംഘടിപ്പിക്കാനാണു ജിഷ കുറുപ്പംപടി സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയതെന്നാണ് ഇനി അറിയാനുള്ളത്.

© 2024 Live Kerala News. All Rights Reserved.