ജിഷ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള വീരപ്പന്‍ സന്തോഷിന് പി പി തങ്കച്ചനുമായി ബന്ധമുള്ളതായി പൊലീസ്; സംഭവം നടക്കുമ്പോള്‍ താന്‍ പരവൂര്‍ കോടതിയിലായിരുന്നെന്ന ഗുണ്ടയുടെ മൊഴി ശരിയല്ല; രേഖാചിത്രവുമായി സാമ്യമുള്ള വ്യക്തിയെയും ഇയാള്‍ക്കൊപ്പം സംഭവദിവസം കണ്ടതായി വിവരം

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിന് കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനുമായി ബന്ധമെന്ന് പൊലീസിന് സൂചന ലഭിച്ചു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ നാല് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാളെ സന്തോഷിനൊപ്പം സംഭവദിവസം കുറുപ്പുംപടിയില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ വീരപ്പന്‍ സന്തോഷിന് പ്രദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. സംഭവം നടക്കുമ്പോള്‍ താന്‍ പരവൂര്‍ കോടതിയിലായിരുന്നെന്ന ഗുണ്ടയുടെ മൊഴി വ്യാജമാണെന്നും പൊലീസ് സംശയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകള്‍ പലതും സന്തോഷാണ് കൈകാര്യം ചെയ്തിരുന്നത്. സംഭവദിവസം ജിഷയുടെ വീടിന് മുന്നിലെത്തിയ കോണ്‍ഗ്രസ് നേതാവിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. കൂടാതെ അന്നേദിവസം ഈ മൊബൈല്‍ ടവര്‍ പരിധിയില്‍ നിന്ന് 27 ലക്ഷം കോളുകള്‍ പോയിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് ഇയാളും കൂട്ടാളിയും കുറുപ്പംപടിക്കു സമീപത്തെ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി ഇയാള്‍ക്ക് എന്തെങ്കിലും പരിചയമുള്ളതായി അറിയില്ല. കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.