ജിഷ കൊല്ലപ്പെട്ട ദിവസം അജ്ഞാതന്‍ വട്ടോളിപ്പടി പരിസരത്ത് ബൈക്കില്‍ കറങ്ങിയിരുന്നു; യുവതി മദ്യപിച്ചതോ ശീതളപാനീയത്തില്‍ ലഹരി നല്‍കിയതോയെന്ന് അന്വേഷിക്കുന്നു; കൊല്ലപ്പെട്ട ദിവസം ജിഷ സന്ദര്‍ശിച്ചവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നു

കൊച്ചി: പെരുമ്പാവൂര്‍ ദളിത് പെണ്‍കുട്ടിയായ ജിഷ കൊല്ലപ്പെട്ട അപരിചിതനായ ഒരാള്‍ ദുരൂഹസാഹര്യത്തില്‍ ബൈക്കില്‍ വട്ടോളിപ്പടി പരിസരത്ത് കറങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കോതമംഗലത്ത് നിന്ന് എത്തിയ ജിഷയെ ഇയാള്‍ പിന്തുടര്‍ന്നേക്കുമെന്നും അന്വേഷണസംഘം സംശയിക്കുന്നു. കൊല്ലപ്പെട്ട ഏപ്രില്‍ 28 നു രാവിലെ 11നു വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടയില്‍ ജിഷയെ പെരുമ്പാവൂര്‍കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ കണ്ടെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചു. വീടുപണി പൂര്‍ത്തിയാക്കാനുള്ള പണം കണ്ടെത്താനാണ് അമ്മ രാജേശ്വരി അന്നു രാവിലെ പഴയ താമസ സ്ഥലത്തെ അയല്‍വാസികളെയും പരിചയക്കാരെയും കാണാനായി ഇറങ്ങിയത്. വീടുപണിക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജിഷയും. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആരെയെങ്കിലും നേരില്‍ കാണാനാണോ കോതമംഗലം ബസില്‍ അന്നു ജിഷ സഞ്ചരിച്ചതെന്നു സംശയമുണ്ട്.

അന്ന് ഉച്ചയ്ക്കു ജിഷ ഭക്ഷണം കഴിച്ചതു പുറത്തു നിന്നാണ്. ഭക്ഷണത്തോടൊപ്പം ലഹരി പാനീയവും ഉള്ളിലെത്തിയതായി രാസപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വേവാത്ത വെളുത്തുള്ളിയും ഭക്ഷണത്തോടൊപ്പം കഴിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണം പുറത്തുവരാതിരിക്കാനാണു വെളുത്തുള്ളി കഴിച്ചതെങ്കില്‍ ജിഷ സമയം ചെലവഴിച്ചത് അത്രയ്ക്കു സൗഹൃദം ഉള്ളവരോടൊപ്പമായിരിക്കും എന്ന് അന്വേഷകര്‍ കരുതുന്നു. ജിഷയുടെ അറിവില്ലാതെ ശീതളപാനീയത്തില്‍ കലര്‍ത്തി ലഹരി നല്‍കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൊല്ലപ്പെട്ട ദിവസം ജിഷ സന്ദര്‍ശിച്ചത് ആരെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്നു വീട്ടില്‍ തിരികെയെത്തിയ ജിഷയോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നതായി വ്യക്തമല്ല. തെളിവുകള്‍ അവശേഷിപ്പിക്കാതെ ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാല്‍ ഇതിന് പിന്നില്‍ ഉന്നതകരങ്ങളുണ്ടെന്ന കാര്യത്തില്‍ പൊലീസിനും സംശയങ്ങളൊന്നുമില്ല.

© 2024 Live Kerala News. All Rights Reserved.