കൊല്ലപ്പെട്ട ദിവസം ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തു; അതേദിവസം സമീപത്തെ ടവറുകളില്‍ നിന്നും 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു; അന്വേഷണം വഴിത്തിരിവില്‍

കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട ദിവസം കോതമംഗലത്തേക്ക് യാത്ര ചെയ്തിരുന്നതായി സാക്ഷിമൊഴികള്‍. കൊല നടന്ന ദിവസം ജിഷ കോതമംഗലത്തേക്ക് ബസില്‍ യാത്ര ചെയ്തിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാവിലെ പതിനൊന്നോടെ ജിഷ കോതമംഗലത്തേക്ക് പോയത്. അവിടെ നിന്നും തിരിച്ച് ഉച്ചയ്ക്ക് രണ്ടോടെ ജിഷ പെരുമ്പാവൂരിലെത്തി. പെരുമ്പാവൂരില്‍ നിന്നും ഓട്ടോറിക്ഷ പിടിച്ച് വീട്ടിലെത്തി. ജിഷ യാത്ര ചെയ്ത ബസിലേയും ഓട്ടോയിലേയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കോതമംഗലത്തേക്ക് വ്യാപിപ്പിച്ചു. അതേസമയം ജിഷ കൊല ചെയ്യപ്പെട്ട ദിവസം സമീപത്തെ ടവറുകളില്‍ നിന്നും 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു. ഈ ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉടന്‍ തന്നെ പ്രതി വലയിലാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. തെളിവുകള്‍ അവശേഷിക്കാതെ ആസൂത്രിതമായ കൊലയായതിനാല്‍ അന്വേഷണസംഘം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

© 2024 Live Kerala News. All Rights Reserved.