ചുരിദാറില്‍ നിന്ന് കിട്ടിയ ഡിഎന്‍എ കൊലയാളിയുടേതാവാന്‍ സാധ്യതയില്ല; ജിഷ കൊല്ലപ്പെട്ട അന്ന് രാത്രിയിലും കൊലയാളി അവളുടെ വീട്ടിലെത്തി; തെളിവുകള്‍ പൊലീസ് തന്നെം നശിപ്പിച്ചത് ആര്‍ക്ക് വേണ്ടി?

കൊച്ചി: ജിഷയുടെ ചുരിദാറില്‍ നിന്നു കിട്ടിയ ഡി.എന്‍.എ. കൊലയാളിയുടേതാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍. ജിഷ കൊല്ലപ്പെട്ട ദിവസം അപരിചിതനായ ഒരാള്‍ രാത്രിയും അവളുടെ വീട്ടിലെത്തിയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊെബെലില്‍ എടുത്ത ഇയാളുടെ വീഡിയോ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറി. സിമെന്റ് പുരണ്ട ചെരുപ്പുകള്‍ സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷം പ്രതി പറമ്പില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍നിന്നു കണ്ടെത്തിയ കെട്ടിട നിര്‍മാണ സാമഗ്രികള്‍ സംബന്ധിച്ചും വ്യക്തമായ വിവരമില്ല. പ്രതി ഊരിവച്ച ബള്‍ബ് പോലീസുകാര്‍ തിരിച്ച് ഇട്ടതും മൃതദേഹം സംസ്‌കരിച്ചതും പുതിയ അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്. കൊല്ലപ്പെട്ടതുമുതല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതു വരെയുള്ള സമയത്തിനിടെ പോലീസുകാരടക്കം നിരവധിപേര്‍ ജിഷയുടെ മൃതദേഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഇവരുടെ ഡി.എന്‍.എയാകാം ചുരിദാറില്‍ കണ്ടെത്തിയത്. ആംബുലന്‍സ് സ്ട്രക്ചറിലും പോസ്റ്റ്‌മോര്‍ട്ടം ടേബിളിലും നിരവധി ആളുകളുടെ ഡി.എന്‍.എ. കാണാറുണ്ട്. ചുരിദാറിലാകെ രക്തം പുരണ്ട നിലയിലാണ് വീട്ടിലെ തറയില്‍നിന്നു ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, പ്രതിയുടെ ഡി.എന്‍.എ. ചുരിദാറില്‍ പുരണ്ടാലും അതു നഷ്ടപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.