ബാര്‍ കോഴക്കേസ്: നിയമോപദേശം തേടിയത് ബാറുടമകളുടെ അഭിഭാഷകനോട്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നിയമോപദേശം തേടിയ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വരറാവു ബാറുടമകളുടെ അഭിഭാഷകന്‍. ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്ലാസിഫൈഡ് ഹോട്ടലുകളുടെ അഭിഭാഷകനാണ് നാഗേശ്വരറാവു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഈ നടപടി പൊതുസമൂഹത്തില്‍ സംശയമുണ്ടാക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ നാഗേശ്വര റാവുവില്‍നിന്നാണ്  വിന്‍സണ്‍ എം പോള്‍ നിയമോപദേശം തേടിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കെ എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവില്ലെന്ന് മറുപടി കൊടുത്തതും ഇദ്ദേഹം തന്നെ. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 29ന്  സുപ്രീം കോടതിയില്‍ സംസ്ഥാനത്തെ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായവരില്‍ നാഗേശ്വറാവുവുമുണ്ടായിരുന്നു. സംസ്ഥാനത്ത  നൂറോളംവരുന്ന  ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്റെ അഭിഭാഷകനായിരുന്നു റാവു. നാഗേശ്വരറാവുവിന്റെ വാദത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വരുന്ന ജൂലൈ പത്തിലേക്ക് പരിഗണനക്കായി ബാര്‍ കേസ് മാറ്റിവെച്ചത്.

കെ എം മാണിക്ക് അനുകൂലമായി നിലപാടെടുത്ത ഭൂരിപക്ഷം ബാറുടമകള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയത് ശരിയായില്ലെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. 2002 മുതല്‍ സംസ്ഥാനത്തെ ബാറുടമകള്‍ക്കുവേണ്ടി നാഗേശ്വരറാവു ഹൈക്കോടതിയിലും സുപ്രീംകോടയിലും ഹാജരായിട്ടുണ്ടെന്ന് ബാറുടമകള്‍ തന്നെ സ്ഥിരീകരിച്ചു. ബാറുടമളുടെ സംഘടനയുടെ നേതാവായ പോളക്കുളം കൃഷ്ണദാസിന്റെ 2002 മുതലുളള കേസുകളില്‍ നാഗേശ്വരറാവുവായിരുന്നു അഭിഭാഷകന്‍.

ബാര്‍ കോഴക്കേസില്‍ മന്ത്രി മാണി കോഴ ചോദിച്ചതിന് നേരിട്ടോ അല്ലാതെയോയുള്ള തെളിവില്ലെന്നായിരുന്നു എല്‍.നാഗേശ്വര റാവു നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിലപാട് അറിയിച്ചത്. ബാറുകള്‍ തുറക്കുന്നതിന് മന്ത്രി മാണി കോഴ വാങ്ങിയതിനും തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതവിവര റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നല്‍കിയ ഒമ്പത് പേജുള്ള നിയമോപദേശത്തില്‍ നാഗേശ്വര റാവു വ്യക്തമാക്കിയിരുന്നു.ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി. ആര്‍.സുകേശന്റെ കണ്ടെത്തലിനെ വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിനും, കേസ് സൂക്ഷ്മപരിശോധന നടത്തിയ എ.ഡി.ജി.പി. ഷേക്ക് ദര്‍വേഷ് സാഹേബും തള്ളിയിരുന്നു.

© 2024 Live Kerala News. All Rights Reserved.