ജിഷ കൊല്ലപ്പെട്ടശേഷം ആത്മഹത്യ ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധനക്കൊരുങ്ങി പൊലീസ്; വ്യാജതെളിവുകളുണ്ടാക്കി കൊലയാളി പൊലീസിനെ വഴിതെറ്റിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ടതിന് ശേഷം ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അന്നു കൊലയാളിയുടെ ഡിഎന്‍എ സാംപിള്‍ ലഭിച്ചിരുന്നില്ല. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ കൊലയാളിയിലേക്ക് എത്താതിരുന്നതോടെയാണ് ആത്മഹത്യ ചെയ്ത തൊഴിലാളിയിലേക്ക് അന്വേഷണം നീങ്ങുന്നത്. പൊലീസിനെ വഴിതെറ്റിക്കാന്‍ കൊലയാളി വ്യാജ തെളിവുകള്‍ ഒരുക്കിയതായും സംശയിക്കുന്നു. വീടിനു സമീപം കണ്ടെത്തിയ ഇതര സംസ്ഥാനക്കാരന്റേതെന്നു സംശയിക്കുന്ന ചെരുപ്പുകള്‍ കൊലയാളി പിന്നീടു കൊണ്ടുവന്നിട്ടതാവാന്‍ സാധ്യതയുണ്ട്. ഈ ചെരുപ്പുകള്‍ ആത്മഹത്യ ചെയ്തയാളുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊലനടത്തി ഒന്നോ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജിഷയുടെ വീടിരിക്കുന്ന കുറുപ്പംപടി വട്ടോളിപ്പടി ഭാഗം പ്രതി സന്ദര്‍ശിച്ചതിനു തെളിവാണിത്. ആ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ വീടും പരിസരവും സന്ദര്‍ശിച്ചത് അവര്‍ക്കൊപ്പം സ്ഥലത്തെത്താന്‍ പ്രതിക്കു സഹായകരമായിട്ടുണ്ടെന്ന് അനുമാനിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ സംഭവിച്ച വീഴ്ചകളും മൃതദേഹം ദഹിപ്പിച്ചു കളഞ്ഞതുമാണ് ആദ്യ ദിവസം മുതല്‍ അന്വേഷണം നേരിട്ട ഏറ്റവും വലിയ തിരിച്ചടി. മൃതദേഹത്തിന്റെ ഇടത്തേ തോളില്‍ കണ്ടെത്തിയ കടിയുടെ പാടു പിന്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളിയുടെ ഉമിനീരിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞതു മാത്രമാണു കേസില്‍ ഇതുവരെ പൊലീസിനുണ്ടാക്കാന്‍ കഴിഞ്ഞ ഏകനേട്ടം. ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധനയില്‍ തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ പൊലീസ് കുഴയുകതന്നെ ചെയ്യും.

© 2024 Live Kerala News. All Rights Reserved.