#Justice for Jisha ജിഷ വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തി; ഐജി അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ നിര്‍ദേശം

കൊച്ചി: ജിഷ വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയില്‍ ഐ.ജി അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാവാന്‍ പൊലീസ് കംപ്ലയിന്റ്‌സ് അതോറിട്ടി ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയെന്ന പരാതിയിലാണ് ഐ.ജി. മഹിപാല്‍ യാദവ്, എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈ.എസ്.പി. അനില്‍കുമാര്‍, കുറുപ്പംപടി സി.ഐ. രാജേഷ്, എസ്.ഐ. സോണി മത്തായി എന്നിവരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ പരാതിയിലാണ് പൊലീസ് കംെപ്ലയിന്റ്‌സ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉത്തരവിട്ടത്.

പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ അപക്വമായിരുന്നുവെന്ന് പൊലീസ് കംപെയ്ന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞിരുന്നു. ഗുരുതരമായ കേസുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കാതെ പോലീസ് വീഴ്ചവരുത്തി. സംഭവത്തില്‍ തുടക്കംമുതലേ പ്രഫഷണല്‍ സമീപനമല്ല പോലീസ് സ്വീകരിച്ചതെന്ന് അഥോറിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതക കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന ചട്ടം പാലിച്ചില്ല. മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കിയെന്നും നാരായണക്കുറുപ്പ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.