കൊച്ചി: ദളിത് പെണ്‍കുട്ടി ജിഷയുടെ വധക്കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാളി യുവാവടക്കം ആറുപേരുടെ ഉമിനീരും മറ്റുമാണ് പരിശോധനക്കയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡി.എന്‍.എ പരിശോധന. അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന് പൊലീസിന്റെ പ്രതീക്ഷ.
ഡി.എന്‍.എ പരിശോധനഫലം കസ്റ്റഡിയിലുള്ള ബംഗാളി യുവാവിന്റെ ഡി.എന്‍.എയുമായി പൊരുത്തപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മറിച്ചാണെങ്കില്‍ തുടര്‍ന്ന് ചോദ്യംചെയ്യുന്നവരുടെ ഉമിനീരും മറ്റും ഡി.എന്‍.എ പരിശോധനക്ക് അയക്കാനാണ് തീരുമാനമെന്ന് ആലുവ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര അറിയിച്ചു. നേരത്തേ മൂന്നുപേരുടെ ഡി.എന്‍.എ പൊരുത്തപ്പെട്ടിരുന്നില്ല. അതേസമയം, തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ജിഷ വിളിച്ചവരുടെ പട്ടിക പൊലീസ് ഇന്നലെ വീണ്ടും പരിശോധിച്ചു. ജിഷയുടെ ഡയറിയും വീണ്ടും പരിശോധിച്ചു. തന്നെ ചിലര്‍ കൊല്ലാന്‍ വന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാമര്‍ശങ്ങളും ചില പേരുകളും ഡയറിയില്‍ ഉണ്ടായിരുന്നു. ഈ ആളുകളിലേക്കും അന്വേഷണം നീളും.