#Justice for Jisha ജിഷ വധക്കേസ് പ്രഫഷനല്‍ രീതിയിലല്ല പൊലീസ് അന്വേഷിക്കുന്നത്; പോസ്റ്റ്‌മോര്‍ട്ടം ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ച; പൊലീസിന് വീഴ്ച പറ്റിയെന്നും ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്

കൊച്ചി: ജിഷ വധക്കേസ് പ്രഫഷനല്‍ രീതിയിലല്ല പൊലീസ് അന്വേഷിക്കുന്നതെന്ന് പൊലീസ് കംപ്ലെയ്ന്റ്്‌സ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. കൊലപാതകം നടന്ന സ്ഥലം പൊലീസ് സൂക്ഷ്മതയോടെ സംരക്ഷിച്ചില്ല. മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചതും തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു .

ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതെയായി. കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റി. ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന അഞ്ചാം ദിവസമാണ് വീട് പൊലീസ് ബന്തവസ് ചെയ്തത്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്തുതരം അന്വേഷണമാണ് കേസില്‍ പൊലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.