പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി കനാല്‍ കടന്ന് റോഡിലൂടെ പോകുന്നതിനിടെ രണ്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. മരണ ഭീതിമൂലമാണ് ഇവര്‍ ഇക്കാര്യം തുറന്നു പറയാത്തതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ആദ്യഘട്ടം മുതല്‍ കൊലപാതകിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ അയല്‍വാസികള്‍ പ്രകടിപ്പിച്ച ഭീതിയും അന്വേഷണം സമീപവാസികളിലേക്കു കേന്ദ്രീകരിക്കാന്‍ വഴിയൊരുക്കി. യുവാവിനെതിരെ ജിഷയുടെ അമ്മയുടെ ആവര്‍ത്തിച്ചുള്ള മൊഴികളുണ്ട്. കസ്റ്റഡിയിലായ യുവാവും ജിഷയുമായി പ്രത്യേകിച്ച് എന്തെങ്കിലും അടുപ്പമോ അകല്‍ച്ചയോ ഉള്ളതായി പരിസരവാസികള്‍ക്ക് അറിയില്ല. സംഭവദിവസം വീടിനുള്ളില്‍ നിന്നു ജിഷയുടെ ഉച്ചത്തിലുള്ള സംസാരവും കരച്ചിലും കേട്ടിട്ടും വിവരം തിരക്കാതിരുന്നതിന്റെ കാരണം അയല്‍വാസികളോടു പൊലീസ് അന്വേഷിച്ചിരുന്നു. രാജേശ്വരിയും മകളും തമ്മിലുള്ള വഴക്കാണെന്നു തെറ്റിധരിച്ചതിനാലാണ് ഇടപെടാതിരുന്നതെന്ന് അവര്‍ മൊഴി നല്‍കി. പരിസരവാസിയായ യുവാവിനെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ജിഷയുടെ മുതുകില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയ മുന്‍നിരയിലെ പല്ലുകള്‍ക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുന്‍നിരയില്‍ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മുന്‍നിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകില്‍ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന്നാണു നിഗമനം. ജിഷയുടെ അയല്‍വാസികളുടെ മൊഴിയെടുക്കല്‍ തുടരുന്നുണ്ട്.